പേര് മാറ്റി പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും അല്ലാത്ത പക്ഷം കോടതി കുട്ടിയ്ക്ക് പേര് ഇടുമെന്നാണ് മുന്നറിയിപ്പ്

ഇറ്റലി: പതിനെട്ട് മാസം മാത്രമുള്ള പെണ്‍കുഞ്ഞിന്റെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് കോടതി. കുഞ്ഞിന്റെ പേര് മാറ്റി പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും അല്ലാത്ത പക്ഷം കോടതി കുട്ടിയ്ക്ക് പേര് ഇടുമെന്നാണ് മുന്നറിയിപ്പ്.

ഒരു പേരില്‍ എന്തിരിക്കുന്നു എന്നല്ലേ. മകള്‍ക്ക് ബ്ലു എന്ന് പേരിടുമ്പോള്‍ മിലാന്‍ സ്വദേശികളായ മാതാപിതാക്കള്‍ ഏറെയൊന്നും ചിന്തിച്ചില്ല. നീല നിറത്തിലുള്ള കണ്ണുകള്‍ ഉള്ളവള്‍ എന്ന ഉദ്ദേശത്തിലാണ് മകള്‍ക്ക് ബ്ലൂ എന്ന് പേരിട്ടത്. പക്ഷേ ഇപ്പോള്‍ അതിന്റെ പേരില്‍ കോടതി കയറേണ്ട അവസ്ഥയിലാണ് ഇവരുള്ളത്. രണ്ട് ദിവസം മുമ്പാണ് ഇവര്‍ക്ക് കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദേശം ലഭിക്കുന്നത്. 

ജനനസര്‍ട്ടിഫിക്കറ്റില്‍ ഉടന്‍ തന്നെ പേര് തിരുത്തി കോടതിയെ ബോധിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2000ല്‍ പ്രസിഡന്റ് പുറത്തിറക്കിയ ഡിക്രി അനുസരിച്ച് കുട്ടികളുടെ ലിംഗം മനസിലാക്കുന്ന രീതിയിലുള്ള പേര് തന്നെ നല്‍കണം. എന്നാല്‍ ബ്ലൂ എന്ന പേര് കുട്ടിയുടെ ലിംഗം മനസിലാകുന്നതില്‍ സഹായകമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നോട്ടീസ്. 

എന്നാല്‍ ബ്ലൂ എന്ന പേര് പെണ്‍കുട്ടിയ്ക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കോടതി നിര്‍ദേശത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മാതാപിതാക്കള്‍. അമേരിക്കന്‍ ഗായിക ബിയോണ്‍സിന്റെ മകളുടെ പേര് ബ്ലൂ എന്നാണ്. ഇതിന് സമാനമായി പലരും കുട്ടികള്‍ക്ക് ബ്ലൂ എന്ന പേര് ഉപയോഗിച്ചുള്ളതിനും തെളിവ് നിരത്താനുള്ള നീക്കത്തിലാണ് മിലാന്‍ സ്വദേശികളായ മാതാപിതാക്കള്‍.