മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കറന്‍സിയാണ് നോട്ട് ചെണ്ടിനെ അലങ്കരിച്ചിരിക്കുന്നത്

വിവാഹത്തിനും സ്വീകരണത്തിനുമെല്ലാം നോട്ടുമാല അണിയുന്നവരെ കണ്ടിട്ടുണ്ട് എന്നാല്‍ കാമുകിക്ക് നോട്ടു കൊണ്ടുള്ള ബൊക്ക കൊടുത്ത് വ്യത്യസ്തനായിരിക്കുകയാണ് ഈ കാമുകന്‍. ചെറിയ തുകയുടെ നോട്ടല്ല 35 ലക്ഷം രൂപയുടേതാണ് ബൊക്ക. പൂക്കള്‍ക്ക് പകരം കറന്‍സി നോട്ടുകള്‍ കൊണ്ടാണ് ബൊക്ക നിര്‍മിച്ചത്. 

കാമുകിയുടെ പിറന്നാളിന് വ്യത്യസ്തമായി എന്ത് സമ്മാനം നല്‍കാന്‍ കഴിയുമെന്ന ചിന്തയാണ് ഈ കാമുകനെ ഇത്തരമൊരു സാഹസം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കറന്‍സിയാണ് നോട്ട് ചെണ്ടിനെ അലങ്കരിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ ചോംങിങ് നഗരത്തിലാണ് സംഭവം. 

സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഏതായാലും കാമുകി സമ്മാനത്തില്‍ സന്തുഷ്ടയാണെങ്കിലും കാമുകന്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. കറന്‍സി ദുരുപയോഗത്തിന് കാമുകന് നേരെ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.