Asianet News MalayalamAsianet News Malayalam

വ്യാവസായിക ആവശ്യങ്ങള്‍ ഇനി എളുപ്പത്തില്‍; സംരംഭകര്‍ക്ക് കെ-സ്വിഫ്റ്റ്

ഫാക്ടറി ലൈസന്‍സ്, ബില്‍ഡിംഗ് പെര്‍മിറ്റ്, പരിസ്ഥിതി ക്ലിയറന്‍സ്, എച്ച്.ടി/എല്‍.ടി. പവര്‍ കണക്ഷന്‍ തുടങ്ങി 34 ഓളം അനുമതികള്‍ക്ക് ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി

k swift for Industries single window clearance
Author
Kochi, First Published Oct 15, 2020, 2:50 PM IST

വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ കയറിയിറങ്ങി  സംരംഭകര്‍ക്ക് ഇനി സമയം കളയേണ്ട. നടപടികള്‍ ഇനി എളുപ്പവും സമയബന്ധിതവുമാണ്. വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സുകളും മറ്റ് അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ 2019 ലാണ് കെ-സ്വിഫ്റ്റ് സംവിധാനം ആരംഭിച്ചത്. പുതിയ പതിപ്പായ കെ-സ്വിഫ്റ്റ് 2.0 വഴി ലൈസന്‍സുകളും അനുമതികളും പുതുക്കാനും അവസരമുണ്ട്. 14 വകുപ്പുകളിലെയും വിവിധ ഏജന്‍സികളിലെയും 34 തരം അനുമതികളാണ് കെ-സ്വിഫ്റ്റില്‍ ഉള്ളത്. കെ-സ്വിഫ്റ്റ് വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആദ്യഘട്ടം സംരംഭക രജിസ്‌ട്രേഷനാണ്. മൊബൈല്‍ നമ്പര്‍, മെയില്‍ ഐഡി, എന്നിവ ഉപയോഗിച്ച് സംരംഭകര്‍ രജിസ്റ്റര്‍ ചെയ്താല്‍ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും മെയിലില്‍ ലഭ്യമാകും. ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഫാക്ടറി ലൈസന്‍സ്, ബില്‍ഡിംഗ് പെര്‍മിറ്റ്, പരിസ്ഥിതി ക്ലിയറന്‍സ്, എച്ച്.ടി/എല്‍.ടി. പവര്‍ കണക്ഷന്‍ തുടങ്ങി 34 ഓളം അനുമതികള്‍ക്ക് ഒറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷകള്‍ കെ-സ്വിഫ്റ്റ് വഴി അതാത് വകുപ്പുകളിലെത്തും. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം. 30 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും. വ്യവസായ മേഖലയില്‍ നിന്നുള്ള ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് മുഖംമിനുക്കിയാണ് കെ.സ്വിഫ്റ്റ് പുതുക്കിയ പതിപ്പ് വരുന്നത്. നിലവിലെ വ്യവസായ യൂണിറ്റുകള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ലൈസന്‍സ് പുതുക്കുന്നതിനും സാധിക്കും. സൂക്ഷ്മ ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീം വഴിയുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിനും കെ.സ്വിഫ്റ്റ് വഴി അപേക്ഷ നല്‍കാം. പ്രൊഫഷണല്‍ ടാക്‌സ് അടയ്ക്കുന്നതിനുള്ള സംവിധാനവും ഇനി കെ.സ്വിഫ്റ്റിന്റെ ഭാഗമാണ്.12,680 സംരംഭകരാണ് കെ.സ്വിഫ്റ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 9845 അപേക്ഷ നല്‍കി. എംഎസ്എംഇ ക്ലിയറന്‍സ് ലഭിച്ചത് 4740 പദ്ധതികള്‍ക്ക്. 8184 പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
 

Follow Us:
Download App:
  • android
  • ios