കാർഷികമേഖലയിൽ നവീന സാങ്കേതികവിദ്യകൾ കണ്ടെത്തിയ മികവിന് കൊച്ചിയിലെ രണ്ടു സ്റ്റാർട്ടപ്പ് സംരംഭങ്ങൾ കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരം നേടി. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലെ നവ ഡിസൈൻ ആൻഡ് ഇന്നവേഷൻസ്, ഗോഡ്സ് ഓൺ ഫുഡ് സൊലൂഷൻസ് എന്നിവയാണ് സമ്മാനങ്ങൾ നേടിയത്. അഞ്ചുലക്ഷം രൂപയും വിവിധ വകുപ്പുകളുമായി സഹകരണവുമാണ് സമ്മാനം.

5 വിഭാഗങ്ങളില്‍ 1600 ലേറെ കമ്പനികള്‍ മത്സരിച്ചതിലാണ് കേരള കമ്പനികള്‍ക്ക് അംഗീകാരം നേടാനായത്. കേരളത്തില്‍ നിന്നുള്ള  62 സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായൊരുക്കിയ മത്സരത്തില്‍ പങ്കെടുത്തത്.നീരയും കള്ളും ചെത്തിയെടുക്കുന്ന ഉപകരണമാണ് നവ ഡിസൈൻ വികസിപ്പിച്ചത്. ചെത്തിയെടുക്കാൻ തൊഴിലാളി തെങ്ങിൽ കയറുന്നതിന് പകരമാണ് സാപ്പർ എന്ന പേരിൽ ഉപകരണം വികസിപ്പിച്ചത്. തൊഴിലാളിയുടെ ജോലി പൂർണമായും യന്ത്രം നിർവഹിക്കും. 2017ൽ വികസിപ്പിച്ച ഉപകരണത്തിന്റെ പ്രായോഗിക പരീക്ഷണങ്ങൾ തുടരുകയാണ്. കളമശേരിയിലെ മേക്കൽ വില്ലേജിലാണ് ഇൻക്യുബേറ്റ് ചെയ്തിരിക്കുന്നത്. ചക്കയിൽനിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ വികസിപ്പിച്ചാണ് ഗോഡ്സ് ഓൺ ഫുഡ് സൊലൂഷൻസ് 2013ൽ രംഗത്തെത്തിയത്. ജാക്ക്ഫ്രൂട്ട് 365 എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ. ചക്കച്ചുള ഫ്രീസ് ഡ്രൈ ചെയ്ത് ആദ്യം വിപണിയിലിറക്കി. ചക്കച്ചുള പൊടിയാക്കി പായ്ക്കറ്റിലാക്കി. പുട്ടുപൊടി, ദോശമാവ് എന്നിവയിൽ ചേർത്ത് വിഭവങ്ങൾ ഉണ്ടാക്കാം. ഓട്സിനൊപ്പവും ചേർക്കാം. നക്ഷത്ര ഹോട്ടലുകൾ വരെ ഏറ്റെടുത്തതോടെ ജാക്ക് ഫ്രൂട്ട് 365 ജനപ്രിയമായി. കൊച്ചി സ്വദേശി ജെയിംസ് ജോസഫാണ് ജാക്ക്ഫ്രൂട്ട് 365 എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്.