ജോലിയിൽ നിന്ന് ഇടവേള എടുത്ത സ്ത്രീകൾക്ക് തൊഴിൽ സാഹചര്യം ഒരുക്കുന്നതിനായി പുതിയ പദ്ധതിയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ. വനിതകൾക്കായി കെ- വിൻസ് എന്ന നവീന പദ്ധതിയാണ് സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്നത്. കേരള വിമൻ ഇൻ നാനോ സ്റ്റാർട്ടപ്സ് എന്നതാണ് പദ്ധതിയുടെ പൂർണ രൂപം. പദ്ധതിയുടെ ഭാഗമായി കണ്ടൻറ് റൈറ്റിങ്, ഡിസൈനിങ് ഉൾപ്പെടെയുള്ള മേഖലകളിൽ വനിതകൾക്ക് പരിശീലനം നൽകും. ഇതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻറെ സൈറ്റു വഴി അപേക്ഷ നൽകുവാൻ സാധിക്കും. അപേക്ഷ പൂരിപ്പിക്കുന്നതിനൊപ്പം വെബ്സൈറ്റില്‍ കാണിച്ചിട്ടുള്ള വിഷയങ്ങളില്‍ അസല്‍ ലേഖനങ്ങള്‍ നല്‍കാന്‍ കഴിയും. ഈ ലേഖനങ്ങള്‍ പരിശോധിച്ചിട്ടായിരിക്കും യോഗ്യരായവരുടെ പട്ടിക തയാറാക്കുക. ജോലി യോഗ്യതയുള്ളവരും പുതിയതായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന അതേസമയം മുഴുവന്‍ സമയ ജോലി ചെയ്യാത്ത സ്ത്രീകള്‍ക്കും വേണ്ടിയാണ് പദ്ധതി. തങ്ങളുടെ സമയമനുസരിച്ച് ഇവര്‍ക്ക് സ്വതന്ത്രമായ ജോലികള്‍ ഏറ്റെടുക്കാന്‍ കെഎസ് യുഎം സഹായിക്കും.