രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വേർ ഇൻക്യുബേറ്ററാണ് എറണാകുളം കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന മേക്കർ വില്ലേജ്. നിർമിത ബുദ്ധി, റോബോട്ടിക്സ് എന്നിങ്ങനെ പുത്തൻ സാങ്കേതികതകളിൽ അധിഷ്ഠിതമായ വ്യത്യസ്തമായ ഉത്പന്നങ്ങളാണ്  ഇവിടെ നിന്ന് പുറത്തിറങ്ങുന്നത്. കടലിന്റെ ആഴത്തട്ടിലേക്കുവരെ കടന്നെത്തുന്ന ഡ്രോണുകൾ, വിവിധ തരം റോബോട്ടുകൾ എല്ലാം ഇവിടെ നിർമ്മിക്കുന്നു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി - കേരള, കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് മേക്കർ വില്ലേജ് പ്രവർത്തിക്കുന്നത്.  2016 ജൂണിൽ പ്രവർത്തനം തുടങ്ങിയ മേക്കർ വില്ലേജ് മികച്ച ആശയങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്. 75 കമ്പനികൾ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിനു പുറമേ ബെംഗളൂരു, ഹൈദരാബാദ്, പുണെ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ള സ്റ്റാർട്ടപ്പുകളും മേക്കർ വില്ലേജിന്റെ ഭാഗമാണ്.