Asianet News MalayalamAsianet News Malayalam

ചെറുകിട സംരഭം തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന ലൈസൻസുകൾ ഇവയാണ്

വ്യവസായം തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളോടൊപ്പം തന്നെ ലൈസൻസുകൾക്കും മറ്റുമുള്ള അപേക്ഷ നൽകുന്നത് തുടർ നടപടികൾ എളുപ്പമാക്കുവാൻ സഹായകമാകും. സ്ഥാപനത്തിന്റെ സ്വഭാവം അനുസരിച്ചാണ് ലൈസൻസുകളും സർട്ടിഫിക്കേഷനുകളും നിശ്ചയിച്ചിട്ടുള്ളത്

License and certifications for starting a small industry
Author
Kochi, First Published Jan 3, 2020, 3:31 PM IST

ഒരു സംരംഭം തുടങ്ങണമെങ്കിൽ നിരവധി ലൈസൻസുകളും സർട്ടിഫിക്കേഷനുകളും ആവശ്യമാണ്. സ്വന്തമായി ഒരു ബിസ്സിനെസ്സ്  ആരംഭിക്കുവാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവ. വ്യവസായം തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളോടൊപ്പം തന്നെ ലൈസൻസുകൾക്കും മറ്റുമുള്ള അപേക്ഷ നൽകുന്നത് തുടർ നടപടികൾ എളുപ്പമാക്കുവാൻ സഹായകമാകും. 

സ്ഥാപനത്തിന്റെ സ്വഭാവം അനുസരിച്ചാണ് ലൈസൻസുകളും സർട്ടിഫിക്കേഷനുകളും നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ എല്ലാ ചെറുകിട സ്ഥാപനങ്ങൾക്കും ആവശ്യമായ ചില ലൈസൻസുകളും സർട്ടിഫിക്കേഷനുകളും ഉണ്ട്. 

License and certifications for starting a small industry

എന്നാൽ ഏറ്റവും പ്രധാനമായി വ്യവസായങ്ങൾ സ്വന്തമാക്കേണ്ട ഒന്നാണ് ഉദ്യോഗ് ആധാർ. ഇത് ഓൺലൈൻ ആയി എടുക്കാവുന്നതാണ്. കൂടാതെ ജിഎസ്റ്റി (GST) രജിസ്‌ട്രേഷനും ആവശ്യമാണ്. നാല്പത് ലക്ഷം രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജിഎസ്റ്റിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സംരംഭം മികച്ച രീതിയിൽ നടത്തണമെങ്കിൽ ഇത് അത്യാവശ്യമാണ്. നല്ല ഒരു ഡിസ്ട്രിബ്യുട്ടറെ ലഭിക്കണമെങ്കിലോ മികച്ച സ്ഥാപനങ്ങളുമായി കച്ചവടത്തിൽ ഏർപ്പെടണമെങ്കിലോ GST രജിസ്‌ട്രേഷൻ നിർബന്ധമാണ്. അതിനാൽ ആദ്യം തന്നെ GST എടുക്കുന്നതാവും ഉത്തമം. ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഏതാണ്ട് 2000 രൂപയാണ് ഇതിനു ചെലവ് വരുക. സംരംഭകന് ഇൻപുട്ട് മോഡലോ കോംപൗണ്ടിങ് മോഡലോ തിരഞ്ഞെടുക്കാം. 

ഭക്ഷണ വസ്തുക്കളുമായി ബന്ധപ്പെട്ട സംരംഭമാണ് നിങ്ങൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നതെങ്കിൽ നിർബന്ധമായും വേണ്ട ഒന്നാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നൽകുന്ന സർട്ടിഫിക്കേഷൻ. പന്ത്രണ്ടു ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ ക്യാറ്റഗറിയിൽ വരുന്ന സർട്ടിഫിക്കേഷൻ ആണ് എടുക്കേണ്ടത്. ഇത് അക്ഷയ സെന്ററുകൾ വഴി എടുക്കാവുന്നതാണ്.  പന്ത്രണ്ടു ലക്ഷത്തിന് മുകളിൽ വിറ്റുവരവ് വരുന്ന സ്ഥാപനങ്ങളെ ലൈസൻസിന്റെ പരിധിയിൽ പെടുത്തിയിരിക്കുന്നു. 

പിന്നീട് ആവശ്യമുള്ള ഒന്നാണ് പാക്കേജിങ് ലൈസൻസ്. ലീഗൽ മെറ്ററോളജി റൂൾ പ്രകാരം അളവിലോ തൂക്കത്തിലോ ഒരു ഉത്പന്നം ഉണ്ടാക്കി വിൽക്കുന്നതിന് ഈ ലൈസൻസ് ആവശ്യമാണ്. അക്ഷയ സെന്റർ വഴി 850 രൂപ ഫീസ് നൽകി സ്വന്തമാക്കാവുന്ന ഈ ലൈസൻസ് ഇല്ലെങ്കിൽ നിങ്ങളിൽ നിന്നും നാലായിരം രൂപ വരെ പിഴ ഈടാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. 

ഈ നാലു ലൈസൻസുകൾ ആണ് ഒരു ചെറുകിട സ്ഥാപനം തുടങ്ങുന്നതിനു അടിസ്ഥാനമായി വേണ്ടത്.  ഇത് കൂടാതെ വേണ്ട മറ്റു അടിസ്ഥാന ലൈസൻസുകൾ ഡേഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് ലൈസന്‍സ് അഥവാ ഡി ആൻഡ് ഒ ലൈസൻസ് എന്ന് അറിയപ്പെടുന്നു. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപനം നൽകുന്ന ലൈസൻസ് ആണിത്. ഇതിൽ ആദ്യം ലഭിക്കേണ്ടത് കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ആണ്. 

സ്ഥാപനത്തിൽ ഉത്പ്പാദനം ആരംഭിക്കുന്നത് വരെ ആവശ്യമുള്ള ഒന്നാണ് റണ്ണിങ് പെർമിറ്റ്. ഉത്പ്പാദനം ആരംഭിച്ച ശേഷം ലൈസൻസ് ആണ് വാങ്ങേണ്ടത്. ഇത് കൂടാതെ പൊല്യൂഷൻ കൺട്രോൾ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് എന്നിവിടങ്ങളിൽ നിന്നും ലൈസൻസ് എടുക്കണം. സ്ഥാപനത്തിൽ 10 ഹോഴ്സ് പവറിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നു എങ്കിൽ ഇലൿട്രിസിറ്റി ബോർഡിൽ നിന്നും പവർ അലോക്കേഷൻ വാങ്ങിയിരിക്കണം. 

എന്നാൽ 10 കോടിയിൽ താഴെ മുതൽമുടക്കുള്ള റെഡ് കാറ്റഗറിയിൽ പെടാത്ത വ്യവസായങ്ങൾക്ക് ആദ്യ മൂന്നു വർഷത്തേക്ക് ഈ ലൈസൻസുകൾ എടുക്കേണ്ടതില്ല. മൂന്നു വർഷത്തിന് ശേഷം ആറു മാസത്തിനകം എല്ലാ ലൈസൻസുകളും നേടിയിരിക്കണം.

Follow Us:
Download App:
  • android
  • ios