രാജ്യത്ത് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ഇ-കൊമേഴ്‌സ് പോർട്ടൽ സ്ഥാപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഭാരത് ക്രാഫ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന പോര്‍ട്ടല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും സംയുക്തമായായിരിക്കും നടത്തുക. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ വ്യക്തമാക്കി.  രാജ്യത്തിന്റെ ജിഡിപിയിലും തൊഴിലവസരത്തിലും എംഎസ്എംഇകളുടെ പങ്ക് നിലവിൽ 29 കോടിയിലധികമാണ്. ഇത്തരമൊരു സാഹചര്യത്തിൽ രാജ്യത്ത് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ വിപണനത്തിനായി എത്തുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ അധികം സഹായകരമാകും. എംഎസ്എംഇ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 3 ലക്ഷം കോടി രൂപയുടെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) പ്രകാരം ഇതുവരെ 4 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് എസ്ബിഐ വായ്പ അനുവദിച്ചിട്ടുണ്ട്.