സ്റ്റാര്‍ട്ടപ്പ് ലോകത്തേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കണ്ട ഒന്നാണ് ആക്‌സിലറേറ്റര്‍ സംവിധാനം. ഏറെക്കുറെ ഇന്‍ക്യുബേറ്ററുകള്‍ക്ക് സമാനമായ സംവിധാനമാണിത്. ഇന്‍ക്യുബേഷന്‍ കാലയളവ് കഴിഞ്ഞശേഷം സ്റ്റാര്‍ട്ടപ്പിന്റെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് അവസരമൊരുക്കുകയാണ് ആക്‌സിലറേറ്ററുകള്‍ ചെയ്യുന്നത്. നിക്ഷേപം മുതല്‍ വിപണിയിലെ വന്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് വരെ ഇവ വഴി ഒരുക്കും. രണ്ടുമാസം മുതൽ ആറുമാസം വരെ നീളുന്ന ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകളുണ്ട്. ഗൂഗിൾ ഉൾപ്പെടെയുള്ളവയുടെ ആക്സിലറേറ്റർ സെന്ററുകളും പ്രോഗ്രാമുകളും നിലവിലുണ്ട്. ഇതോടൊപ്പം തന്നെ സ്റ്റാർട്ടുപ്പുകളുടെ സഹായിക്കുന്നവരാണ് ഏഞ്ചൽ ഇൻവെസ്റ്റർമാർ. സ്റ്റാർട്ടപ്പിന്റെ ആദ്യഘട്ട പ്രവർത്തങ്ങൾക്കു ശേഷം ഉത്പന്നവും സേവനവും വിപണിയിലെത്തിക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണ വേണ്ടിവരും. ഇത്തരം ഘട്ടങ്ങളിലായാണ് എഞ്ചൽ ഇൻവെസ്റ്റർമാർ രക്ഷക്കെത്തുന്നത്. ഭാവിയിൽ കമ്പനി തന്നെ സ്വന്തമാക്കാനുള്ള സാധ്യതകളും ഇവരുടെ മനസ്സിലുണ്ടാകും. സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ മാര്‍ഗനിര്‍ദേശം ആവശ്യമാണ്. ഇതിന് സഹായിക്കുന്നവരാണ് മെന്റര്‍. വിപണിയിലെ സാഹചര്യങ്ങള്‍ വരെ കൃത്യമായി മനസ്സിലാക്കുന്നതിന് മെന്ററുടെ സഹായം ഗുണം ചെയ്യും. നിലവിൽ പല പ്രമുഖരും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്റര്‍ഷിപ്പ് വാഗ്ദാനം ചെയ്യാറുണ്ട്.