'ഷാജി കൈലാസിനെ അറിയാവുന്നവര്‍ക്ക് കിം കി ഡുക്കിനെയും അറിയാം', 'ബീനാ പോള്‍ ഈ വീടിന്‍റെ ഐശ്വര്യമെന്ന് കിമ്മിന്‍റെ കൊറിയയിലെ വീടിന്‍റെ പൂമുഖത്ത് എഴുതിവച്ചിട്ടുണ്ട്'.. ഇങ്ങനെ പലതരം ലെജന്‍ഡുകളും തമാശകളും മലയാളികള്‍ ചമച്ച മറ്റൊരു അന്തര്‍ദേശീയ സംവിധായകനും ഉണ്ടാവില്ല. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെത്തുന്ന മലയാളി സിനിമാപ്രേമിക്ക് കിം കി ഡുക്ക് അവരുടെ സ്വന്തം സംവിധായകനായിരുന്നു. ഒടുക്കം ആരാധനാമൂര്‍ത്തിയെ നേരില്‍ കണ്ടപ്പോള്‍, കൊറിയന്‍ മാത്രം അറിയാവുന്ന കിമ്മിനോട് ദ്വിഭാഷി വഴി ഇംഗ്ലീഷില്‍ കഴിയാവുന്നത്രയും ചോദ്യങ്ങള്‍ അവര്‍ ആവേശത്തോടെ ചോദിച്ചു, ഞങ്ങള്‍ നിങ്ങളെ ഇത്രയും സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ആ സ്നേഹം അദ്ദേഹത്തെയും വൈകാരികമായി കീഴ്പ്പെടുത്തിയിരിക്കണം.

2005ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയാണ് കിം കി ഡുക്ക് എന്ന സൗത്ത് കൊറിയന്‍ സംവിധായകനെ മലയാളി സിനിമാപ്രേമിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. പക്ഷേ ആദ്യ കാഴ്ചയില്‍ തന്നെ വന്നു, കണ്ടു, കീഴടക്കി എന്ന മട്ടിലായിരുന്നു അത്. കിം കി ഡുക്കിന്‍റെ അതുവരെയുള്ള പ്രധാന വര്‍ക്കുകള്‍ അടങ്ങിയ റെട്രോസ്‍പെക്ടീവ് ഉണ്ടായിരുന്നു ആ വര്‍ഷം. 'ക്രോക്കഡൈലും'' വൈല്‍ഡ് ആനിമല്‍സും' 'ബേഡ്കേജ് ഇന്നും' 'അഡ്രസ് അണ്‍നോണും' 'കോസ്റ്റ് ഗാഡും' വിഖ്യാതമായ 'സ്പ്രിംഗ് സമ്മറു'മെല്ലാം മലയാളി സിനിമാപ്രേമി അത്ഭുതത്തോടെ കണ്ടു. ഇതുവരെ കണ്ടിരുന്നതില്‍ നിന്നെല്ലാം വേറിട്ട എന്തോ ഒന്ന്, പ്രദേശത്തിന്‍റെയും ഭാഷയുടെയും പ്രത്യേകതകള്‍ക്കൊപ്പം ആ സിനിമകളില്‍ അവര്‍ ദര്‍ശിച്ചു. രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ലെങ്കിലും സിനിമാപ്രേമികളുടെ കൂട്ടായ്‍മകളില്‍ ഈ സംവിധായകന്‍റെ 'ഫാന്‍സ് അസോസിയേഷനുകളും' തുടര്‍ന്ന് രൂപപ്പെട്ടു. 

 

റെട്രോസ്പെക്ടീവ് വന്ന ആ വര്‍ഷത്തിനുശേഷം ഓരോ വര്‍ഷം ഐഎഫ്എഫ്കെയ്ക്കും 'കിമ്മിന്‍റെ പുതിയ ചിത്രം ഉണ്ടോ' എന്ന ചോദ്യം അതിസാധാരണമായി. കിം പുതിയ ചിത്രം ചെയ്തിട്ടുണ്ടെങ്കില്‍ അവയെല്ലാം അതാതുവര്‍ഷം തിരുവനന്തപുരത്തുമെത്തി. ഇനി പുതിയ ചിത്രം ചെയ്തിട്ടില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് അവര്‍ ആകുലപ്പെട്ടു. ഓരോ കിം കി ഡുക്ക് ചിത്രങ്ങളുടെയും രണ്ടോ മൂന്നോ ഷോകള്‍ക്കായി ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ ക്യൂകള്‍ തീയേറ്ററുകള്‍ക്കു മുന്നില്‍ രൂപപ്പെട്ടു. ഇക്കാലയളവില്‍ കിം കി ഡുക്ക് ചിത്രങ്ങളുടെ പൈറേറ്റഡ് ഡിവിഡികള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളമങ്ങോളമുള്ള ഫിലിം സൊസൈറ്റികളിലും ഫിലിം ക്ലബ്ബുകളിലൂടെ വിദ്യാലയങ്ങളിലും കിം കി ഡുക്ക് ചിത്രങ്ങള്‍ കാണിച്ചു. ചില ഫിലിം സൊസൈറ്റികള്‍ കിം കി ഡുക്ക് ഫിലിം ഫെസ്റ്റിവലുകള്‍ പോലും സംഘടിപ്പിച്ചു.

മനുഷ്യന്‍റെ അടിസ്ഥാനചോദനകളെക്കുറിച്ച്, ഹിംസയ്ക്കായുള്ള ആന്തരിക ത്വരയെക്കുറിച്ച്, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍, കിഴക്കിന്‍റേതായ ഒരുതരം ആത്മീയതയുടെ കണ്ണിലൂടെ ചലച്ചിത്രഭാഷയില്‍ സംവദിച്ചു എന്നതായിരിക്കണം ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെപ്പോലെ മലയാളികളെയും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലേക്ക് അടുപ്പിച്ചത്. പക്ഷേ സ്വന്തം ഭാഷയിലെ ഒരു മുഖ്യധാരാ സംവിധായകനെ എന്നവണ്ണം മലയാളികള്‍ കിമ്മിനെ ഇത്രയധികം ആഘോഷിച്ചത് എന്തുകൊണ്ടെന്നത് ഒരു കടംകഥയാണ്. സങ്കീര്‍ണ്ണമെങ്കിലും ദൃശ്യപരമായി തങ്ങള്‍ക്ക് ഒരുതരം വിശദീകരണവും ആവശ്യമില്ലാത്ത, നിരൂപകര്‍ വിശദീകരിച്ചു തരേണ്ടാത്ത സിനിമകള്‍ ഒരുക്കിയ, അതും contemporary master ആയി ലോകം വിലയിരുത്തുന്ന സംവിധായകന്‍ എന്നതാവാം ഈ ആരാധനയ്ക്കുള്ള ഒരു കാരണം. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രജതജൂബിലി പതിപ്പ് കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. ഏഴ് വര്‍ഷം മുന്‍പ് ഇതേദിവസം കിം കി ഡുക്ക് തിരുവനന്തപുരത്ത് നമുക്കിടയില്‍ ഉണ്ടായിരുന്നു. ഈ സമയത്തുതന്നെ കിം ഇനിയില്ല എന്ന വാര്‍ത്ത തേടിയെത്തുന്നത് സിനിമാപ്രേമികളില്‍ ശൂന്യത നിറയ്ക്കുന്ന ഒന്നാണ്.