ചെന്നൈ: നടി അമല പോളിന്റെ വിവാഹവും വിവാഹമോചനവും വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. സംവിധായകൻ എഎൽ വിജയ്‍യുമായുള്ള അമല പോളിന്റെ വിവാഹമോചനത്തിന് കാരണം നടൻ‌ ധനുഷ് ആണെന്ന് ആരോപിച്ച് നേരത്തെ എഎൽ വിജയ്‍യുടെ അച്ഛൻ എൽ അഴകപ്പൻ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വിവാഹമോചനത്തെക്കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല പോൾ. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം മനസ്സു തുറന്നത്.

വിജയ്‍യുമായി വേർപ്പിരിയാനുള്ള കാരണം ധനുഷ് അല്ലെന്ന് അമല പോൾ അഭിമുഖത്തിൽ വ്യക്തമാക്കി. വിവാഹമോചനത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. അത് അനാവശ്യവിവാദങ്ങളാണെന്നും തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അമല പറഞ്ഞു. വിവാഹമോചനം എന്നത് തന്റെ തന്നെ തീരുമാനമായിരുന്നു. അതിൽ മറ്റാർക്കും പങ്കില്ല. ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണെന്നും അമല കൂട്ടിച്ചേർത്തു.

രണ്ടാം വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും ‌താരം പങ്കുവയ്ക്കുന്നുണ്ട്. ഇനിയൊരു വിവാഹം ഉടൻ ഉണ്ടാകില്ലെന്നും പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്നും അമല പറഞ്ഞു.

ടൂറിങ് ടാക്കീസ് എന്ന യൂട്യൂബ് ചാനലിന‌് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു അമല പോളും വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം ധനുഷാണെന്ന് വിജയ്‌യുടെ പിതാവും നിർമ്മാതാവുമായ എഎല്‍ അഴകപ്പന്‍ വെളിപ്പെടുത്തിയത്. വിജയ്‌യുമായുള്ള വിവാഹശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് അമല പോള്‍ തീരുമാനിച്ചിരുന്നു. എന്നാൽ, അഭിനയത്തിലേക്ക് തിരികെ വരാന്‍ ധനുഷ് അമലയെ നിർബന്ധിക്കുകയായിരുന്നുവെന്നും അഴകപ്പൻ പറഞ്ഞു.

Read More: അമല പോളും വിജയ്‍യും വിവാഹമോചിതരാകാന്‍ കാരണം ഈ നടനാണ്; വെളിപ്പെടുത്തലുമായി വിജയ്‍യുടെ പിതാവ്

ധനുഷ് നിര്‍മിച്ച 'അമ്മ കണക്ക്' എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്നതിന് ധനുഷ് അമല പോളിനെ നിർബന്ധിക്കുകയായിരുന്നു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായി. ഇതോടെ അമല സിനിമയിൽ സജീവമാകാനും തുടങ്ങി. ഇതാണ് വിജയ്‍യും അമലയും തമ്മിലുള്ള വിവാഹബന്ധം വേർപ്പെടാനുള്ള പ്രധാന കാരണമെന്നും അഴകപ്പൻ കൂട്ടിച്ചേർത്തു. അഴകപ്പന്റെ വെളിപ്പെടുത്തലുകൾ കോളിവുഡിൽ വൻ ചർച്ചയ്ക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

അതേസമയം, അമല നായികയാവുന്ന 'അതോ അന്ത പറവൈ പോല' എന്ന ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്യും. നവാഗതനായ കെ ആര്‍ വിനോദ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. സെഞ്ച്വറി ഫിലിംസ് ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.