കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട്, 75 എപ്പിസോഡുകളില്‍ അവസാനിച്ചെങ്കിലും മത്സരാര്‍ഥികളില്‍ പലരും ഇപ്പോഴും സൗഹൃദം സജീവമായി നിലനിര്‍ത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പലരും അത് പങ്കുവെക്കാറുമുണ്ട്. സീസണ്‍ രണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥികളില്‍ ഒരാളായിരുന്ന ഫുക്രുവിന്‍റെ പിറന്നാള്‍ ദിനത്തില്‍ ബിഗ് ബോസിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശംസകള്‍ നേരുന്നതിന്‍റെ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ എല്ലാവരും അവരവരുടെ വീടുകളില്‍ ആയതിനാല്‍ സ്വന്തം നിലയ്ക്കു ഷൂട്ട് ചെയ്‍ത ആശംസാ വീഡിയോകള്‍ എഡിറ്റു ചെയ്‍ത് ഒന്നാക്കുകയായിരുന്നു. ആര്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇത് പോസ്റ്റ് ചെയ്‍തത്. ബുധനാഴ്‍ചയായിരുന്നു ഫുക്രുവിന്‍റെ പിറന്നാള്‍.

'പിറന്നാള്‍ ആശംസകള്‍ കൃഷ്ണജീവ് എന്ന ഫുക്രു. ഈ ക്വറന്‍റൈന്‍ കാലത്ത് നിനക്കുവേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇതു മാത്രമാണ്', എന്ന കുറിപ്പോടെയാണ് സുഹൃത്തുക്കളുടെ പിറന്നാളാശംസ. പാഷാണം ഷാജി, ആര്യ, എലീന പടിക്കല്‍, പ്രദീപ് ചന്ദ്രന്‍, രാജിനി ചാണ്ടി, അഭിരാമി, സുരേഷ് കൃഷ്ണന്‍, വീണ നായര്‍, രേഷ്‍മ, അലസാന്‍ഡ്ര, ആര്‍ജെ സൂരജ്, പവന്‍ ജിനോ തോമസ്, ആര്‍ജെ രഘു, മഞ്ജു പത്രോസ്, ദയ അശ്വതി എന്നിവരാണ് ഫുക്രുവിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഈ വീഡിയോ കൂടാതെ ഫുക്രുവിനൊപ്പമുള്ള ഒരു ടിക് ടോക് വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്. ഫുക്രുവിനൊപ്പമുള്ള തന്‍റെ ചിത്രത്തിന്‍റെ ഒരു പെയിന്‍റിംഗ് എലീനയും തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പിറന്നാള്‍ ആശംസകള്‍ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.