വാനമ്പാടി പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്.

പരമ്പര അവസാനിപ്പിച്ചെങ്കിലും പരമ്പര ഉണ്ടാക്കിയ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ലെന്നുവേണം പറയാന്‍. നിലവില്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. വാനമ്പാടിയിലെ അനുമോളെപ്പോലെതന്നെ പൂജയേയും ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ വൈറലാക്കാറുണ്ട്. കഴിഞ്ഞദിവസം ഗൗരി പങ്കുവച്ച വാനമ്പാടി പരമ്പരയുടെ ഓര്‍മ്മകളായ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. വാനമ്പാടി പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ പത്മിനി, മോഹന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുചിത്രയോടൊപ്പവും സായ് കിരണിനോടൊപ്പവുമുള്ള ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചത്. വാനമ്പാടി എന്ന ക്യാപ്ഷനോടൊപ്പം, ഒരു സാഡ് സ്‌മൈലിയാണ് ഗൗരി ഇട്ടിരിക്കുന്നത്. സങ്കടപ്പെടേണ്ട.. ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടുമെന്നാണ് ഗൗരിയോട് ആരാധകര്‍ കമന്റായി പറയുന്നത്. 'എന്റെ ജീവനാണു നീ' എന്നാണ് സായ് കിരണ്‍ ഗൗരിയുടെ ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

ഗൗരി കഴിഞ്ഞ ദിവസം പങ്കുവച്ച 2015ലെ ഗൗരിയുടെ ചിത്രവും ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു. പണ്ട് എന്തൊരു ക്യൂട്ട് പൈ പോലെയാണ് താരമെന്നാണ് ആരാധകര്‍ പഴയ ചിത്രത്തിന്‍ കമന്റായി ചോദിക്കുന്നത്.