ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റിഷോയിലൂടെ മലയാളികള്‍ക്ക് മറക്കാനാകാത്ത താരമാണ് മെറിന്‍ ഗ്രിഗറി. സ്റ്റാര്‍ സിംഗര്‍ സീസണ്‍ വിജയിയായ മെറിന്‍ ഒരുപാട് മലയാളചിത്രങ്ങളിലും പാടിയിട്ടുണ്ട്. ഇപ്പോള്‍ പാട്ട് റിയാലിറ്റി ഷോകളിലെ ജഡ്ജുമാണ് മെറിന്‍. കഴിഞ്ഞദിവസം മെറിന്റെ മൂന്നാം വിവാഹവാര്‍ഷികമായിരുന്നു. മെറിന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സന്തോഷം പങ്കുവച്ചത്. പൈലറ്റായ അങ്കിതാണ് മെറിന്റെ ഭര്‍ത്താവ്.

'ഞങ്ങളുടെ സന്തോഷപൂര്‍ണ്ണമായ വിവാഹവാര്‍ഷികമാണ്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. തന്ന സന്തോഷങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി'. എന്നാണ് വിവാഹഫോട്ടോ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. ഒരുപാടുപേരാണ് തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകാരിക്ക് ആശംസകള്‍ അറിയിച്ച് കമന്റുകളിട്ടിരിക്കുന്നത്. 

മെറിന്‍ ആലപിച്ച ജോസഫിലെ ഉയിരിന്‍ നാഥനെ, എന്നുതുടങ്ങുന്ന പാട്ട് എക്കാലത്തേയും ഹിറ്റായിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ തുടങ്ങിയ സിനിമകളിലും താരം പാടിയ പാട്ടുകള്‍ ഹിറ്റായിരുന്നു. ചെറുപ്പകാലംമുതലേ സംഗീതം അഭ്യസിച്ച മെറിന്‍ റോമന്‍സ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിസംഗീതത്തിലേക്ക് എത്തിച്ചേരുന്നത്.