വേറിട്ട വേപ്പകര്‍ച്ചകൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തുന്ന താരമാണ് ജയസൂര്യ. മലയാള സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് ജയസൂര്യ ചുവടുവച്ച് തുടങ്ങിയത് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ആ പ്രകടനത്തിന്‍റെ ചുവടുപിടിച്ച് ജയസൂര്യ ചെയ്ത കഥാപാത്രങ്ങളത്രയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് ജയസൂര്യ നടന്നുകയറിയപ്പോള്‍ പലപ്പോഴും അദ്ദേഹം തുറന്നുപറയുന്ന ഒരു കാര്യമുണ്ട്. തനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം എന്നായിരുന്നു അത്. പ്രേതം ടൂവിന് ശേഷം നടന്ന ഒരു അഭിമുഖത്തിലും ജയസൂര്യ ഇത്തരം ഒരു ആഗ്രഹം പറഞ്ഞിരുന്നു. ഏത് വേഷത്തിലാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യമുള്ളതെന്ന അവതാരകന്‍റെ ചോദ്യത്തിന്, ജീസസ് ക്രൈസ്റ്റായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇക്കാര്യം ഓര്‍ത്ത് ഒരു ആരാധകന്‍ വരച്ച ഒരു ക്യാരക്ടര‍് പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. തന്‍റെ ഇഷ്ടകഥാപാത്രത്തിന്‍റെ രൂപത്തില്‍ തനിക്ക് സമ്മാനം നല്‍കിയ ആരാധകന് നന്ദി പറഞ്ഞ് ആ കുറിപ്പ് സഹിതമുള്ള ചിത്രം ജയസൂര്യ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രം വരച്ച ആരാധകനും അത് പങ്കുവച്ച ജയസൂര്യക്കും ആശംസകളുമായി എത്തുകയാണ് ആരാധകരിപ്പോള്‍.