കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ലാക്മി ഫാഷന്‍ വീക്കില്‍ വലിയ ശ്രദ്ധ നേടിയ താരങ്ങളിലൊരാളായിരുന്നു മലയാളി നടി മാളവിക മോഹനന്‍. റാംപുകള്‍ക്ക് പുറത്ത്, ഫിലിം അവാര്‍ഡ് പോലുള്ള വേദികളിലും തന്റെ ഫാഷന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള മോഡലുമാണ് അവര്‍. ഇപ്പോഴിതാ ലാക്മി ഫാഷന്‍ വീക്കിന്റെ പുതിയ എഡിഷനിലും വലിയ ശ്രദ്ധ നേടാന്‍ കഴിഞ്ഞു മാളവികയ്ക്ക്. കരീന കപൂറും ശ്രദ്ധ കപൂറും ആദ ശര്‍മ്മയും ഇഷ ഗുപ്തയുമൊക്കെ എത്തിയ റാംപില്‍ മോഡല്‍ എന്ന നിലയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്താന്‍ മാളവികയ്ക്ക് കഴിഞ്ഞു.

ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്ത 'പട്ടം പോലെ' എന്ന മലയാളചിത്രത്തിലൂടെയായിരുന്നു മാളവികയുടെ സിനിമാപ്രവേശം. കന്നഡയിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പിന്നീട് ചിത്രങ്ങള്‍ ചെയ്തു. ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളാണ് മാളവിക.