ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു പ്രദീപ് ചന്ദ്രന്‍. കറുത്തമുത്ത് എന്ന പരമ്പരയിലെ അഭിരാം എന്ന കഥാപാത്രത്തിലൂടെതന്നെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പ്രദീപ്, ബിഗ്‌ബോസ് ഷോയിലൂടെ മലയാളിക്ക് പ്രിയംങ്കരനാവുകയായിരുന്നു. ഷോയുടെ ആരാധകര്‍ക്കിടയില്‍ ഹേറ്റേഴ്‌സ് കുറവുള്ള ഒരാളായിരുന്നു പ്രദീപ്. ബിഗ് ബോസ് ഹൗസില്‍ 42 ദിവസം പൂര്‍ത്തിയാക്കിയാണ് എവിക്ഷനിലൂടെ പ്രദീപ് പുറത്തേക്ക് പോയത്. അടുത്തിടെയായിരുന്നു പ്രദീപ് വിവാഹിതനായത്.


ഇപ്പോഴിതാ പാടാത്ത പൈങ്കിളി എന്ന പരമ്പരയിലേക്കെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രദീപ്. പാടുന്ന പൈങ്കിളികള്‍ എന്നുപറഞ്ഞാണ് പാടാത്ത പൈങ്കിളി സെറ്റിലെത്തിയ വിശേഷം ഫോട്ടോയായി പ്രദീപ് പങ്കുവച്ചത്. അടുത്തിടെ അപ്രതീക്ഷിതമായി മരണമടഞ്ഞ ശബരീനാഥന്റെ വേഷം കൈകാര്യം ഇനിമുതല്‍ കൈകാര്യം ചെയ്യുന്നത് താരമാണ്. ശബരിച്ചേട്ടന് പകരംവയ്ക്കാന്‍ മറ്റാരുമില്ല എന്നാണ് ശബരിയുടെ ആരാധകര്‍ പ്രദീപിന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്യുന്നത്.

ബിഗ്‌ബോസിനുശേഷം പ്രദീപ് ആദ്യമായാണ് പ്രദീപ് സ്‌ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്‍ത ഹിറ്റ് പരമ്പര കറുത്തമുത്തില്‍ അഭിറാം എന്ന കഥാപാത്രമായെത്തിയാണ് പ്രദീപ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. മേജര്‍ രവി ചിത്രം മിഷന്‍ 90 ഡെയ്‌സിലൂടെയാണ് സിനിമാപ്രവേശം. ദൃശ്യം, ഒപ്പം, ഇവിടം സ്വര്‍ഗ്ഗമാണ്, ഏയ്ഞ്ചല്‍ ജോണ്‍, കാണ്ഡഹാര്‍, ലോക്‍പാല്‍, ലോഹം, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് തുടങ്ങിയ സിനിമകളിലും

അഭിനയിച്ചിട്ടുണ്ട്.