മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോള്‍. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോള്‍ താരം എന്ന നിലയില്‍ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. അവതാരിക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങുകയാണ്. താരം കഴിഞ്ഞദിവസം പങ്കുവച്ച ജെന്‍ഡര്‍ സ്വാപ് ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് ധോണിയുടെ ഫേസ്‌ക്കട്ടില്ലെ എന്നുചോദിച്ചാണ് അനുമോള്‍ തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം സമൂഹമാധ്യമങ്ങളില്‍ ഫേസ് ആപ്പ് ചര്‍ച്ചയായിരിക്കുകയാണ്. മുന്‍പൊരിക്കല്‍ ട്രെന്റ് ആയ സമയത്ത് പ്രായം കൂടിയാലുള്ള മുഖത്തിന്റെ രൂപമാണ് ആളുകള്‍ ഫേസ് ആപ്പ് വഴി പങ്കുവച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീരൂപത്തിലേക്ക് മാറുന്ന പുരുഷന്മാരുടെ ചിത്രങ്ങളാണ് ട്രെന്റ് ആയിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടന്‍ സലിം കുമാര്‍ താനുള്‍പ്പെടെയുള്ള നടന്മാര്‍ സ്ത്രീകളായാലുള്ള ഫേസ് ആപ്പ് ഭാവന ഫേസ്ബുക്കിലൂടെ പങ്കുവച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ ആപ്പ് വഴി പുരുഷന്മാര്‍ സ്ത്രീകളാകുന്ന ട്രെന്‍ഡിനിടെയാണ്, ഗായിക സിത്താരയും മറ്റും സ്ത്രീകള്‍ പുരുഷന്മാരായാല്‍ എങ്ങനെയാകും എന്ന ചിത്രങ്ങളുമായെത്തിയിരിക്കുന്നത്. 

സോഷ്യല്‍മീഡിയയില്‍ സജീവമായ അനുമോള്‍ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സ്വകാര്യവിശേഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അനുമോള്‍ പങ്കുവച്ച ജെന്‍ഡര്‍ സ്വാപ് ചിത്രത്തിന് ഒരുപാടുപേരാണ് കമന്റുകളുമായെത്തുന്നത്. ഈ പറഞ്ഞത് ധോണി അറിയണ്ട, ഫ്‌ളൈറ്റ് പിടിച്ചുവന്ന് ഫേസ്‌കട്ട് മാറ്റും എന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്. ധോണിയുടെ മാത്രമല്ല കാളിദാസ് ജയറാമിന്റെ ഒരു ഫേസ്‌കട്ടും ഉണ്ടെന്നാണ് കുറച്ചുപേര്‍ അഭിപ്രായപ്പെടുന്നത്. ഏതായാലും ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.