ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ 'മാണിക്ക്യ മലരായ പൂവി' എന്ന ​ഗാനത്തിലൂടെയാണ് പ്രിയ ലോകശ്രദ്ധ നേടിയത്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഒരു അഡാര്‍ ലവ് എങ്കിലും ചിത്രം വേണ്ടത്ര വിജയിച്ചില്ല.

ചിത്രം പ്രദർശനത്തിന് എത്തിയതിനുശേഷം സംവിധായകൻ ഒമർ ലുലുവും നടി നൂറിൽ ഷെറിഫും പ്രിയക്കെതിരെ പരസ്യമായി രം​ഗത്തെത്തി. ഒരു ചാറ്റ് ഷോയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരുവരും രം​ഗത്തെത്തിയത്. അഡാര്‍ ലവിന്റെ ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്. എന്നാൽ ഇതിനെതിരെ ഒരു മുന്നറിയിപ്പെന്നോണം പ്രിയ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു.
 
അതേസമയം പ്രിയ വാര്യർ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിനെതിരേയും വിവാദങ്ങൾ ഉയർന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ചിത്രത്തിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 

ഇത്തരത്തിൽ അഭിനയിച്ചതും അഭിനയിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന ചിത്രങ്ങൾക്കെതിരേയും താരത്തിനെതിരേയും വിവാദങ്ങളും വിമർശനങ്ങളും ആളിക്കത്തുകയാണ്. അതിനിടയില്‍ പ്രിയയെ പിന്തുണച്ചും ആശ്വസിപ്പിച്ചും നിരവധി പേരാണ് എത്തുന്നത്. അതിലൊരാളാണ് ബോളിവുഡ് നടനും എം പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഒരു അഭിമുഖത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പ്രിയക്ക് പിന്തുണയുമായി രംഗത്ത് വന്നത് 
വലിയ വാര്‍ത്തയായിരുന്നു.

പ്രിയ ഒരിക്കല്‍ സൂപ്പര്‍താരമാകുമെന്നും വളരെ പെട്ടന്ന് തന്നെ ആ നേട്ടത്തിലേക്ക് പ്രിയ എത്തുമെന്നും അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കു എന്നായിരുന്നു ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് പ്രിയ ഇപ്പോൾ.

'ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ലെന്ന്' പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. താങ്കളെ പോലൊരു ആദരണീയനായ വ്യക്തിയിൽ നിന്ന് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ താൻ‌ വളരെയാധികം സന്തോഷവതിയാണെന്നും പ്രിയ പറഞ്ഞു.


 
പ്ലസ്ടു വിദ്യാർഥികളുടെ പ്രണയവും സൗഹൃദവും ആണ് ഒരു അഡാർ ലവിന്റെ ഇതിവൃത്തം. പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് നിർമിച്ച ചിത്രത്തിൽ പ്രിയ വാര്യർ, റോഷൻ, നൂറിൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ലോകത്താകമാനം 2000 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും 'ലവേഴ്സ് ഡേ' എന്ന പേരിലും കന്നഡയിൽ 'കിറിക് ലവ് സ്റ്റോറി' എന്ന പേരിലുമാണ് അഡാർ ലവിന്റെ മൊഴിമാറ്റപതിപ്പുകൾ എത്തുന്നത്. 

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്യുന്നത്. 70 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.