ഷൂട്ടിംഗിനായി നഗരത്തിലൂടെയുള്ള യാത്രകളിലെല്ലാം രജനിയെ കാത്ത് ആരാധകരുടെ ആരവമുണ്ട്. 

രജനികാന്തിന്‍റെ കരിയറിലെ മാത്രമല്ല, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളൊന്നായിരുന്നു ജയിലര്‍. രജനി എന്ന തലമുറകളുടെ സൂപ്പര്‍താരത്തെ പുതുകാലത്തിന്‍റെ സിനിമാ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് അവതരിപ്പിച്ച ചിത്രത്തിലെ അതിഥിവേഷങ്ങളും വിജയത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രം ഒടിടിയില്‍ കൈയടി നേടുമ്പോള്‍ അടുത്ത ചിത്രത്തിന്‍റെ തിരക്കുകളിലാണ് രജനി. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസം മുന്‍പ് തിരുവനന്തപുരത്താണ് ആരംഭിച്ചത്. ഇപ്പോഴിതാ അവിടെ നിന്നുള്ള രജനിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഷൂട്ടിംഗിനായി നഗരത്തിലൂടെയുള്ള യാത്രകളിലെല്ലാം രജനിയെ കാത്ത് ആരാധകരുടെ ആരവമുണ്ട്. പല വീഡിയോകളിലും കാറിന്‍റെ സണ്‍ റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന രജനിയെ വീഡിയോകളിലൊക്കെ കാണാം. തലൈവരേ എന്ന വിളികളോടെയാണ് പ്രിയ താരത്തെ നേരില്‍ കണ്ട അമ്പരപ്പില്‍ ജനം അഭിസംബോധന ചെയ്യുന്നത്. വണങ്ങിക്കൊണ്ടാണ് രജനിയുടെ പ്രത്യഭിവാദ്യം.

Scroll to load tweet…
Scroll to load tweet…

ജയിലറില്‍ വിനായകനും മോഹന്‍ലാലും അടക്കം മലയാളത്തില്‍ നിന്ന് സാന്നിധ്യമായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമുണ്ട്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിംഗ്, ദുഷറ വിജയന്‍ തുടങ്ങി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കാസ്റ്റിംഗ് ആണ് ചിത്രത്തിന്‍റേത്. ഓരോ ചിത്രത്തിലും വേറിട്ട ഗെറ്റപ്പുകളില്‍ എത്താറുള്ള രജനി പുതിയ ചിത്രത്തില്‍ എത്തുന്നതും അത്തരത്തിലാണ്. ജയിലറില്‍ ഏറെക്കുറെ നര കയറിയ മുടിയും താടിയും ആയിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ മുടിയും മേല്‍മീശയും കറുപ്പാണ്. തിരുവനന്തപുരത്ത് ശംഖുമുഖവും വെള്ളായണി കാര്‍ഷിക കോളെജും ചിത്രത്തിന്‍റെ ലൊക്കേഷന്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ജയിലറിലെ അനിരുദ്ധിന്‍റെ വര്‍ക്ക് ഏറെ കൈയടി നേടിയിരുന്നു. 32 വര്‍ഷത്തിന് ശേഷമാണ് രജനി- അമിതാഭ് ബച്ചന്‍ കോമ്പോ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ALSO READ : 'ലിയോ'യിലെ സര്‍പ്രൈസ് കമല്‍ ഹാസനോ ഫഹദോ? ട്രെയ്‍ലറിലെ 'എല്‍സിയു' റെഫറന്‍സുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക