ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അഭിനേതാക്കളിൽ ഒരാളാണ് നടി സോനു സതീഷ്. ടിവി ഹോസ്റ്റായി കരിയർ ആരംഭിച്ച താരം, നർത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. പരമ്പരകളിൽ  നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധേയയായ സോനു, ഇപ്പോൾ  'സുമംഗലി ഭവ' എന്ന പരമ്പരയിലെ ദേവു എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്.

''എനിക്ക് മലയാളം സീരിയലുകൾ നഷ്ടമായി തുടങ്ങിയിരുന്നുവെന്നാണ് സോനു ഇപ്പോൾ ഇ ടൈംസിനോട് സംസാരിക്കവെ പറഞ്ഞത്. അത്തരമൊരു സാഹചര്യത്തിലാണ് ദേവു എന്ന കഥാപാത്രം എന്നെ തേടിയെത്തിയത്. അതിന്റെ പ്ലോട്ട് ഇഷ്ടമായപ്പോൾ, ചെയ്യാൻ തീരുമാനിച്ചു. തുടക്കത്തിൽ വിഷമകരമായിരുന്നു കാര്യങ്ങൾ. ഭാഗ്യത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങൾക്ക് തിരിച്ചുവരാൻ സാധിച്ചു. ഇപ്പോൾ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്'', സോനു പറയുന്നു.

പരമ്പരകളിലെല്ലാം നെഗറ്റീവ് റോളുകൾ ചെയ്തു. അങ്ങനെ, എനിക്ക് ഒരിക്കലും ഒരു റൊമാന്‍റിക് വേഷം ചെയ്യാൻ അവസരം ലഭിച്ചില്ല. ഈ പരമ്പരയിൽ അതിന് സാധിച്ചു. പ്രേക്ഷകർ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നതിൽ സന്തോഷമുണ്ട്. റിച്ചാർഡും ഞാനു തമ്മിൽ ഓഫ് സ്ക്രീനിൽ  നല്ല ബോണ്ടാണ്. ഇത് ദേവുവിനെയും സൂര്യനെയും നന്നായി അവതരിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

പരമ്പരയിലെ ഏറ്റവും ആകർഷകമായ ഘടകങ്ങളിലൊന്നാണ് സോനുവിന്റെയും സ്ക്രീനിലെ ഭർത്താവ് റിച്ചാർഡിന്റെയും ശ്രദ്ധേയമായ കെമിസ്ട്രി. ഏറെ നെഗറ്റീവ് റോളുകൾക്ക് ശേഷം ഇത്തരമൊരു റൊമാന്റിക് ആയ ഒരു കഥാപാത്രം ലഭിച്ചതിന്റെയും, അത് സ്വീകരിക്കപ്പെട്ടതിന്റെയും സന്തോഷത്തിലാണ് സോനു.