തൃശൂര്‍: സിനിമാതാരം സണ്ണി വെയ്നിന്‍റെ വിവാഹാഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. പത്താം തിയതി പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയെ സണ്ണി വെയിന്‍ ജീവിത സഖിയാക്കിയത്. വെള്ളിത്തിരയിലെ സ്വപ്ന താരങ്ങള്‍ അണിനിരന്ന വിവാഹ സത്കാരമടക്കം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ സണ്ണി വെയിന്‍റെ ഭാര്യ രഞ്ജിനി ഡാന്‍സ് കളിക്കുന്ന പഴയ വീഡിയോ കുത്തിപൊക്കി സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുകയാണ് ആരാധകര്‍. കോളേജ് പഠനകാലത്ത് സെന്‍റ് തെരാസിസിലെ കൂട്ടൂകാരികള്‍ക്കൊപ്പമുള്ള ഡാന്‍സിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലെമ്പാടും തരംഗമാകുകയാണ്. വരത്തന്‍ എന്ന അമല്‍നീരദ്-ഫഹദ് ഫാസില്‍ ചിത്രത്തില്‍ നസ്രിയ ആലപിച്ച പുതിയൊരു പാതയില്‍ എന്ന തുടങ്ങുന്ന ഗാനത്തിനൊപ്പമുള്ള രഞ്ജിനിയുടെയും കൂട്ടുകാരികളുടെയും ചുവടുകളാണ് ആരാധകര്‍ക്ക് ഏറ്റവും പ്രീയം. ഡാന്‍സ് കലക്കനെന്ന കമന്‍റുകളുമായി പലരും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ ദുൽക്കര്‍ സല്‍മാനൊപ്പമാണ് സണ്ണി വെയ്നും മലയാളസിനിമയിൽ അരങ്ങേറിയത്. മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും തിളങ്ങിയ ശേഷമാണ് സണ്ണി വെയിന്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത്.