കോളിവുഡിലെ സെലിബ്രേറ്റി ദമ്പതികളാണ് നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും. സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയ സൗഹൃദം മുതല്‍ പ്രണയവും കടന്ന് 2013 ജൂണിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക്  ഒരു പുതിയ അതിഥി എത്തിയിരിക്കുകയാണ്. പെൺകുഞ്ഞ് ജനിച്ച വിവരം ജിവി പ്രകാശ് തന്നെ തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 19ന് ഞങ്ങള്‍ക്കൊരു രാജകുമാരി ജനിച്ചു, നിങ്ങളുടെ പ്രാ‍‍ര്‍ത്ഥനകളും ആശംസകളും അനുഗ്രങ്ങളും തേടുന്നുവെന്ന കുറിപ്പോടെയായിരുന്നു താരം വിശേഷം പങ്കുവച്ചത്.

റഹ്മാൻ സംഗീതം നൽകിയ ചിത്രങ്ങളിൽ ഗായകനായാണ് ജിവി  പ്രകാശ് സിനിമയിലേക്ക് ചുവടുവച്ചത്. 2006ൽ  വെയിൽ എന്ന ചിത്രത്തിലൂടെ സ്വതന്ത്രമായി സംഗീതം സംവിധാ‍നം ചെയ്തു. തുടര്‍ന്ന് അമ്പതിലേറെ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. സൂരറൈപോട്രു, വാടിവാസല്‍, തലൈവി എന്നിവയാണ് വരാനുള്ള ചിത്രങ്ങള്‍.

കുസേലൻ എന്ന ചിത്രത്തിലാണ് ജിവി അഭിനയം ആരംഭിച്ചത്. ചെറിയ വേഷങ്ങളില്‍ തുടങ്ങി നായകവേഷങ്ങളിലും ജിവി പ്രകാശ് തിളങ്ങി. ആദ്യത്തെ ഹോളിവുഡ് ചിത്രം ട്രാപ് സിറ്റി അണിയറയിൽ ഒരുങ്ങുന്നതാണ് താരത്തിന്‍റെ ഏറ്റവും പുതിയ സിനിമാവിശേഷം. ഭാര്യ സൈന്ധവിയും തമിഴില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.