'വാനമ്പാടി'യെന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലെ 'അനുമോളാ'യെത്തിയ ഗൗരിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന കുട്ടിത്താരം. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും ഒരു ഗായികാ കഥാപാത്രത്തെയായിരുന്നു. ഏറെക്കാലമായി പ്രേക്ഷകര്‍ക്ക് പരിചിതയെങ്കിലും വാനമ്പാടിയിലെ 'അനുമോളാ'ണ് ഗൗരിക്ക് നല്ലൊരു ബ്രേക്ക് നേടിക്കൊടുത്തത്. പരമ്പര അവസാനിച്ചെങ്കിലും അനുമോളെ മിസ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

കുടുംബവിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായാണ് ഗൗരി നിലവില്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്. പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ സുഹൃത്തിന്‍റെ മകള്‍ പൂജയായാണ് ഗൗരിയെത്തുന്നത്. വാനമ്പാടി എന്ന പരമ്പര കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയതായിരുന്നുവെങ്കില്‍ കുടുംബവിളക്ക് സുമിത്ര എന്ന വീട്ടമ്മയെ നായികാസ്ഥാനത്ത് നിര്‍ത്തുന്നതാണ്. എങ്കിലും പ്രാധാന്യമുള്ള വേഷം തന്നെയാണ് ഗൗരി കൈകാര്യം ചെയ്യുന്നത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ ഗൗരി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചുവപ്പില്‍ വെള്ള പുള്ളികളുള്ള ടോപ്പും, വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഹെയര്‍ ബാന്‍ഡുമാണ് 'അനുമോള്‍' ധരിച്ചിരിക്കുന്നത്. ഗൗരിയോട് ആരാധകര്‍ക്കുള്ള സ്നേഹം കമന്‍റുകളില്‍ കാണാം. കുടുംബവിളക്കിലെ പൂജയെ ഇഷ്ടമാണെങ്കിലും വാനമ്പാടിയിലെ അനുമോളോടായിരുന്നു കൂടുതല്‍ പ്രിയങ്കരമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്.