ഏഷ്യാനെറ്റില്‍  സംപ്രേഷണം ചെയ്യുന്ന വാനമ്പാടി എന്ന പരമ്പരയുടെ റിവ്യു. 

പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായ വാനമ്പാടി ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളോടെയാണ് മുന്നോട്ടുപോകുന്നത്. മോഹന്റെ മുന്‍കാമുകി നന്ദിനിയെ വാഹനമിടിച്ച് മരണപ്പെടുത്തിയതിന്റെ കേസ് വീണ്ടും അന്വേഷണവിധേയമായതോടെ പരമ്പര കലുഷിതമായിരിക്കയാണ്. മോഹന്‍ തന്റെ മകളെ അന്വേഷിച്ചുപോയതാണ് കേസ് വീണ്ടും ഉയര്‍ന്നുവന്നതിന്റെ കാരണം. തന്റെ നന്ദിനിയെ ഇല്ലാതാക്കിയവരെ നീതിക്കുമുന്നില്‍ എത്തിക്കും എന്ന മോഹന്റെ ശപഥം ഫലം കാണാന്‍ തുടങ്ങിയപ്പോഴാണ് എവിടെയുമെത്താതെയിരുന്ന കേസന്വേഷണം വീണ്ടും സജീവമാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അനുമോളും തന്റെ അമ്മയെ കൊന്നവരെ കണ്ടെത്തണം എന്ന ദൃഢനിശ്ചയത്തിലാണ്. മരിച്ചിരിക്കുന്നത് അനുമോളുടെ അമ്മയാണ് എന്ന് സന്ദര്‍ഭങ്ങളില്‍നിന്നും മനസ്സിലാക്കിയ തംബുരു അനുവിനെ തന്റെ ചേച്ചിയായിത്തന്നെ ഉറപ്പിച്ചിരിക്കയാണ്. പത്മിനിയുടെ കുടുംബസുഹൃത്ത് സുദേവനാണ് യാദൃശ്ചികമായി കാറിടിപ്പിച്ച് നന്ദിനിയെ ഇല്ലാതാക്കുന്നത്. ആ സമയത്ത് കാറില്‍ ഉണ്ടായിരുന്ന പത്മിനി നന്ദിനിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും മിനക്കെട്ടില്ല. എന്നാല്‍ ജയരാജന്‍ കേസില്‍ ഇടപെട്ട് പ്രതിസ്ഥാനത്ത് എഴുതിയ പേര് പത്മിനിയുടെ ഡാഡി മേനോന്റെ പേരായിരുന്നു. ഇത്തരത്തിലെ ഇടപെടലുകള്‍ തന്നെയാണ് കേസ് എങ്ങുമെത്താതെയാകാനുള്ള കാരണവും.

അനുമോളാണോ തന്റെ മകള്‍ എന്ന് മോഹന്‍ സംശയിക്കുന്ന രംഗങ്ങള്‍ കാഴ്‍ചക്കാരനെ ത്രസിപ്പിക്കുന്നതായിരുന്നു. എന്നാല്‍ മോഹന്റെ മകള്‍ അനുവാണോയെന്ന് മേനോന്‍ ചിന്തിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകരെ ഭയാശങ്കയിലുമാക്കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, മോഹന്‍ അയാളുടെ മകളെ കണ്ടെത്തുന്നതിനുമുന്നേതന്നെ താന്‍ കണ്ടെത്തി അവളെ ജീവനോടെ വയ്ക്കില്ലായെന്ന മേനോന്റെ വാക്കുകളാണ്. മോഹന്‍ തന്റെ മകളാണ് അനുമോള്‍ എന്നറിയുന്നത് എപ്പോഴാണ് എന്നാണിപ്പേള്‍ ഓരോ പ്രേക്ഷകനും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിലേക്കുള്ള സൂചനയെന്നോണം മോഹന്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു. നന്ദിനിക്ക് സംഭവിച്ചത് വെറും അപകടമരണമല്ലെന്നും, കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എന്നും മോഹന്‍ പറഞ്ഞതില്‍പ്പിന്നെ അനുമോള്‍ മൂകമായതും, സങ്കടമായതുമായ അവസ്ഥ മോഹനെ ഒരുപാട് ചിന്തിപ്പിക്കുന്നുണ്ട്. തന്റെ അമ്മയെ ആരാണ് കൊന്നതെന്നറിഞ്ഞ അനുവും കുറ്റവാളികള്‍ പിടിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്.

മേനോന്‍ പരസ്യമായി മോഹനോട് യുദ്ധപ്രഖ്യാപനം നടത്തിയതും മറ്റും പരമ്പരയെ ആകാംക്ഷയുടെ മുള്‍മുനയിലേറ്റിയിരിക്കയാണ്. ശ്രീമംഗലത്ത് മോഹന്‍ നിലവില്‍ അനുസരിക്കുന്നത് അനുമോളെ മാത്രമാണെന്നുവേണം പറയാന്‍. അനുമോള്‍ മോഹനോട് പറയുന്നത് നന്ദിനിയുടെ നാടായ ചന്ദനച്ചോലയില്‍ പോയാല്‍ മാത്രമേ ഇനി മകളെ കണ്ടെത്താന്‍ കഴിയൂ എന്നാണ്. മോഹനും അതേ ചിന്തയിലാണുള്ളത്. സുദേവന്‍ ശ്രീമംഗലത്ത് വന്ന് മോഹനോട് സത്യങ്ങള്‍ പറഞ്ഞ് മാപ്പിരക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, മോഹന്‍ സുദേവനെ കാണാന്‍ കൂട്ടാക്കുന്നില്ല. നന്ദിനി മരിച്ച കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അനുമോള്‍ അവളുടെ അമ്മ മരിച്ചപോലെയാണ് പെരുമാറിയതെന്ന് പത്മിനിയും പറയുന്നുണ്ട്. അതുകേട്ട മേനോന്‍, മോഹന്റെ മകളാണോ അനു എന്ന് സംശയിച്ചുനില്‍ക്കുന്നിടത്താണ് പുതിയ ഭാഗം അവസാനിക്കുന്നത്.

അനുവാണ് മോഹന്റെ മകള്‍ എന്ന് മോഹനെക്കാള്‍ മുന്നേ മേനോന്‍ അറിഞ്ഞാല്‍ എന്താണ് ശ്രീമംഗലത്ത് നടക്കുക എന്നാണ് എല്ലാവരും കാത്തിരുക്കുന്നത്. വരും ഭാഗങ്ങള്‍ നിര്‍ണ്ണായകമാണ്. കാത്തിരുന്ന് കാണുകതന്നെ വേണം.