ഏഷ്യ കപ്പില്‍ ഒമാനെതിരായ മത്സരത്തിലാണ് ടൂർണമെന്റില്‍ ആദ്യമായി സഞ്ജു സാംസണിന് ബാറ്റ് ചെയ്യാൻ അവസരം ഒരുങ്ങിയത്. അർദ്ധ സെഞ്ച്വറിയും നേടി കളിയിലെ താരമായാണ് സഞ്ജു കളം വിട്ടത്
ഇന്ത്യ-ഒമാൻ മത്സരം. ഫൈസല്‍ ഷായുടെ 129 കിലോ മീറ്റര്‍ വേഗതയിലെത്തിയ ഇൻസ്വിങ്ങറില്‍ ഡ്രൈവിന് ശ്രമിക്കുകയാണ് ശുഭ്മാൻ ഗില്‍. ഇന്ത്യൻ ഉപനായകന്റെ കരിയറില്‍ പലകുറി ആവര്‍ത്തിച്ചിട്ടുള്ള ഫ്രെയിം ഒരിക്കല്‍ക്കൂടി തെളിയുകയാണ്, ക്ലീൻ ബൗള്‍ഡ്. ഏഷ്യ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ ടിക്ക് ചെയ്യാൻ കഴിയാത്തൊരു ബോക്സായി ഓപ്പണിങ് കൂട്ടുകെട്ട് മാറിയ നിമിഷംകൂടിയായിരുന്നു അത്. തലകുനിച്ച് ഗില്‍ ഡഗൗട്ടിലേക്ക് മടങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ ക്രീസീലേക്ക് ചുവടുവെക്കുകയാണ്. ടൂര്‍ണമെന്റില്‍ ആദ്യമായി ലഭിച്ച അവസരം പൂര്‍ണമായും ഉപയോഗിക്കുക എന്ന നിശ്ചയത്തോടെ.
നിരാശപ്പെടുത്തുന്ന ഗില്‍
ട്വന്റി 20യില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയ ശുഭ്‌മാൻ ഗില്ലിന് തന്റെ വരവ് ശരിവെക്കാൻ കഴിയുന്ന ഒരു ഇന്നിങ്സ് പോലും ഏഷ്യ കപ്പില്‍ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. യുഎഇക്കെതിരെ ഒൻപത് പന്തില്‍ 20 റണ്‍സോടെ പോസിറ്റീവായി ഗിൽ പിന്നീട് പരാജയപ്പെടുന്നതാണ് കണ്ടത്. പാക്കിസ്ഥാനെതിരെ ഏഴ് പന്തില്‍ 10 റണ്‍സും ഒമാനെതിരെ എട്ട് പന്തില്‍ അഞ്ച് റണ്‍സുമാണ് ഗില്ലിന്റെ സ്കോറുകള്‍. 48, 22, 6 എന്നിങ്ങനെയാണ് അഭിഷേക് - ഗില്‍ സഖ്യത്തിന്റെ ഏഷ്യ കപ്പിലെ കൂട്ടുകെട്ടുകള്‍. ഇവിടെയാണ് മൂന്നാം നമ്പറിലേക്ക് പ്രൊമോഷൻ ലഭിച്ച സഞ്ജു അര്‍ദ്ധ സെഞ്ച്വറിയുമായി ഒമാനെതിരെ ടോപ് സ്കോററായതും കളിയിലെ താരമായതും.
സഞ്ജു ക്രീസിലേക്ക് എത്തുമ്പോള്‍ അത്ര അനുകൂലമായിരുന്നില്ല കാര്യങ്ങള്‍. അഞ്ച് പന്ത് നേരിട്ടും ഒരു റണ്‍സെടുക്കാൻ. ഒമാന്റെ ഫൈസല്‍ ഷായ്ക്കാകട്ടെ ടൂര്‍ണമെന്റില്‍ മറ്റൊരു ബൗളര്‍ക്കും ലഭിക്കാത്ത സ്വിങ്ങാണ് ആദ്യ നാല് ഓവറില്‍ വിക്കറ്റില്‍ നിന്ന് ലഭിച്ചത്. മറ്റ് പേസര്‍മാരേക്കാള്‍ 1.2 മടങ്ങ് സ്വിങ് ലഭിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, ഇതേ ഫൈസലിന്റെ പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ 87 മീറ്റര്‍ അകലെ നിക്ഷേപിച്ചായിരുന്നു സഞ്ജു റണ്‍വേട്ടയ്ക്ക് അബുദാബിയില്‍ തുടക്കമിട്ടതും. എങ്കിലും പൂര്‍ണമായി താളം കണ്ടെത്താൻ മലയാളി താരത്തിന് കഴിഞ്ഞിരുന്നില്ല.
തകര്‍ത്തടിച്ചുകൊണ്ടിരുന്ന അഭിഷേക് ശൈലിയിലേക്ക് സഞ്ജു ചുവടുവെച്ചില്ല. സമയ് ശ്രീവാസ്തവ എറിഞ്ഞ ഏഴാം ഓവറിലാണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് പൂര്‍ണമായും ആക്രമണ ശൈലി കണ്ടത്. രണ്ടാം പന്ത് സമയുടെ തലയ്ക്ക് മുകളിലൂടെ സിക്സ്. മൂന്നാം പന്ത് സ്വീപ്പര്‍ കവറിലൂടെ ബൗണ്ടറി. എന്നാല്‍, തുടരെ വിക്കറ്റുകള്‍ പൊലിഞ്ഞതും പകരമെത്തുന്ന ബാറ്റര്‍മാര്‍ ക്യാമിയോകള്‍ക്ക് ശേഷം കളം വിട്ടതും സഞ്ജുവിനെ നിലയുറപ്പിച്ച് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു അര്‍ദ്ധ ശതകം കുറിച്ചത് 17-ാം ഓവറിലായിരുന്നു.
ഏറെ നിർണായകം ഈ 56!
41 പന്തുകളായിരുന്നു കരിയറിലെ മൂന്നാം അര്‍ദ്ധ സെഞ്ച്വറിയിലേക്ക് സഞ്ജുവിന് ആവശ്യമായി വന്നത്. 2024 ട്വന്റി 20 ലോകകപ്പിന് ശേഷം ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗത കുറഞ്ഞ അര്‍ദ്ധ സെഞ്ച്വറികളിലൊന്നായി സഞ്ജുവിന്റെ ഇന്നിങ്സ്. ഫൈസലിന്റെ പന്തില്‍ സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്സര്‍ പായിക്കാനുള്ള ശ്രമത്തിലാണ് ഡീപ് മിഡ് വിക്കറ്റില്‍ വലം കയ്യൻ ബാറ്ററുടെ ഇന്നിങ്സ് അവസാനിക്കുന്നത്. 45 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പെടെ 56 റണ്‍സ്.
ഇന്ത്യയുടെ സ്കോര്‍ബോര്‍ഡ് പരിശോധിച്ചാല്‍ സഞ്ജുവല്ലാതെ മറ്റൊരു താരം പോലും 20 പന്തിന് മുകളില്‍ നേരിട്ടിട്ടില്ല. 18 പന്ത് നേരിട്ട തിലക് വര്‍മയും 15 പന്ത് നേരിട്ട അഭിഷേകുമാണ് അല്‍പ്പമെങ്കിലും ക്രീസില്‍ തുടര്‍ന്നത്. പൊതുവെ സഞ്ജുവിന്റെ ഇന്നിങ്സുകളില്‍ കാണുന്ന ഒഴുക്കിന്റെ അഭാവമുണ്ടായിരുന്നെങ്കിലും ക്രീസില്‍ സമയം ചിലവിടേണ്ടത് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും സൂപ്പര്‍ ഫോറില്‍ നിര്‍ണായക മത്സരങ്ങള്‍ വരാനിരിക്കെ. ഏത് സ്ഥാനത്തും തനിക്ക് ടീമിന് സംഭാവന ചെയ്യാൻ കഴിയുമെന്നുകൂടി സഞ്ജു ഇന്നിങ്സിലൂടെ തെളിയിച്ചു.


