ഐപിഎല്‍ മിനി താരലേലത്തില്‍ 12 മലയാളി താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കേരള ക്രിക്കറ്റ് ലീഗിലേയും സെയ്‌ദ് മുഷ്താഖ് അലി ടൂർണമെന്റിലേയും പ്രകടനം തുണയ്ക്കുമോയെന്ന് കാത്തിരിക്കാം

ഐപിഎല്ലിന്റെ ക്രിക്കറ്റ് ഭൂപടത്തില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം എസ് ശ്രീശാന്ത് എന്ന പേരില്‍ മാത്രം ചുരുങ്ങിയ കാലമുണ്ടായിരുന്നു. ശ്രീയുടെ കൈപിടിച്ച് സഞ്ജു സാംസണ്‍ എത്തി, രാജസ്ഥാൻ റോയല്‍സിന്റെ നായകനായി. സച്ചിൻ ബേബി, വിഷ്ണു വിനോദ്, വിഘ്നേഷ് പുത്തൂ‍ര്‍ അങ്ങനെ കേരളത്തില്‍ നിന്ന് പിന്നാലെയും ഒപ്പവും വന്നവരെല്ലാം ലഭിച്ച അവസരങ്ങളില്‍ തിളങ്ങി. വഴിയൊരുങ്ങിയിരിക്കുന്നു, മൂന്ന് രാവുകള്‍ക്കപ്പുറം മിനിതാരലേലം, പലതാരങ്ങളുടേയും ഭാവി നിര്‍ണയിക്കപ്പെടുന്ന ഓക്ഷൻ ടേബിള്‍. കുട്ടിപ്പലകകളില്‍ 12 മലയാളിതാരങ്ങളുടെ പേരാണ് എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ആരൊക്കെയെന്ന് പരിശോധിക്കാം.

കേരള താരങ്ങളില്‍ ഒരു സര്‍പ്രൈസ് എൻട്രിയുണ്ടായി. വലം കയ്യൻ ഓഫ് സ്പിന്ന‍ര്‍ ജിക്കു ബ്രൈറ്റ്. ടെന്നീസ് ബോള്‍ ക്രിക്കറ്റിലെ താരമായ ജിക്കു കഴിഞ്ഞ സീസണില്‍ അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യൻസിന്റെ നെറ്റ് ബൗളര്‍കൂടിയായിരുന്നു. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ജിക്കു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നെറ്റ് ബൗളറെ മുംബൈ തന്നെ സ്വന്തമാക്കിയാലും അത്ഭുതപ്പെടാനില്ല.

ലേലത്തിലെ അണ്‍ക്യാപ്‌ഡ് താരങ്ങളുടെ മുൻനിരയിലുണ്ടാകും പെരിന്തല്‍മണ്ണക്കാരൻ വിഘ്നേഷ് പുത്തൂര്‍. മുംബൈ ഇന്ത്യൻസിനായി ആദ്യ സീസണില്‍ ആറ് വിക്കറ്റ് നേടാൻ ചൈനാമാൻ സ്പിന്നര്‍ക്ക് സാധിച്ചിരുന്നു. നിലവില്‍ പുരോഗമിക്കുന്ന സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളും പിഴുതു. മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ അജിങ്ക്യ രഹാനയേയും ശിവം ദുബെയേയും മടക്കിയതും വിഘ്നേഷായിരുന്നു. അടിസ്ഥാന വിലയായ 30 ലക്ഷത്തിനാണ് വിഘ്നേഷും ലേലത്തില്‍ രജിസ്റ്റ‍ര്‍ ചെയ്തിരിക്കുന്നത്.

അഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ സ്റ്റാര്‍ പേസറായ കെ എം ആസിഫ്. ഐപിഎല്ലില്‍ ചെന്നൈക്കും മുംബൈക്കും വേണ്ടി പന്തെറിഞ്ഞിട്ടുള്ള ആസിഫ് ടൂര്‍ണമെന്റില്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. മുഷ്താഖ് അലിയില്‍ ഉജ്വല ഫോമിലുള്ള ആസിഫ് ആറ് കളികളില്‍ 15 വിക്കറ്റുകളാണ് നേടിയത്. മുംബൈക്കെതിരെ കേവലം 24 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് നേടിയതായിരുന്നു മികച്ച പ്രകടനം. 40 ലക്ഷം രൂപയാണ് ലേലത്തിലെ ആസിഫിന്റെ അടിസ്ഥാന വില.

കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റൻസിനായി അസാധാരണം പ്രകടനം കാഴ്ചവെച്ച ഇടം കയ്യൻ യുവതാരം അഹമ്മദ് ഇമ്രാൻ. 11 കളികളില്‍ നിന്ന് സീസണില്‍ നേടിയത് 427 റണ്‍സ്. 168 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം ഒരു സെഞ്ചുറിയും കുറിച്ചിരുന്നു. എന്നാല്‍, സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഇമ്രാന് തിളങ്ങാനായിട്ടില്ല 19 വയസുകാരന്. മുഷ്താഖ് അലിയില്‍ മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 20 റണ്‍സാണ് സമ്പാദ്യം. 30 ലക്ഷം തന്നെയാണ് ഇമ്രാന്റെയും അടിസ്ഥാന വില.

സെയ്ദ് മുഷ്താഖ് അലിയിലും കേരള ക്രിക്കറ്റ് ലീഗിലും ഒരുപോലെ ബാറ്റുകൊണ്ട് തിളങ്ങിയ ഓപ്പണിങ് ബാറ്റര്‍ രോഹൻ കുന്നുമ്മല്‍. മുഷ്താഖ് അലിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 247 റണ്‍സ്, കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനായി 11 ഇന്നിങ്സില്‍ 337 റണ്‍സ്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് രണ്ട് ടൂര്‍ണമെന്റിലും 140ന് മുകളിലുമാണ്. അടിസ്ഥാന വിലയിലാണ് രോഹനും ലേലത്തിലെത്തുന്നത്.

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനായി 12 പന്തുകളില്‍ 11 സിക്സറുകള്‍ പായിച്ച് ദേശിയ ശ്രദ്ധ നേടിയ സല്‍മാൻ നിസാര്‍. കെസിഎല്ലില്‍ 193 സ്ട്രൈക്ക് റേറ്റില്‍ സ്കോറുചെയ്ത നിസാര്‍ മികച്ച ഫിനിഷറെന്ന തലക്കെട്ട് നേടിയെടുത്തിരുന്നു. എന്നാല്‍, മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ക്രീസിലെത്തിയ ആറ് ഇന്നിങ്സുകളില്‍ 52 റണ്‍സ് മാത്രമാണ് ഇടം കയ്യൻ ബാറ്റര്‍ക്ക് നേടാനായത്. 30 ലക്ഷം രൂപയാണ് സല്‍മാന്റേയും അടിസ്ഥാന വില.

കേരളത്തില്‍ നിന്ന് ഏറ്റുവമധികം ഉറ്റുനോക്കപ്പെടുന്നതാരമാണ് വലം കയ്യൻ പേസറായ ഏദൻ ടോം. 16 വയസില്‍ കേരളത്തിനായി അരങ്ങേറിയ താരമാണ് ഏദൻ. ഈ രഞ്ജി സീസണില്‍ റുതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് എടുത്തതിന് പിന്നാലെ ശ്രദ്ധ നേടിയിരുന്നു.

ഓള്‍ റൗണ്ടര്‍മാരായ അബ്ദുള്‍ ബാസിത്, മുഹമ്മദ് ഷറഫുദീൻ, അഖില്‍ സ്കറിയ, പേസറായ ശ്രീഹരി നായര്‍ എന്നിവരും ലേലത്തിലിടം നേടിയിട്ടുണ്ട്. കെസിഎല്ലില്‍ കാലിക്കറ്റിനായി 314 റണ്‍സും 25 വിക്കറ്റുകളും നേടാൻ അഖിലിന് കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ താരമായതും അഖിലായിരുന്നു. മലയാളി താരമാണെങ്കിലും തമിഴ്നാടിനായി പന്തെറിയുന്ന സന്ദീപ് വാര്യരും ലെലത്തിലുണ്ട്.