പുറത്താകാതെ 44 പന്തില്‍ 63 റണ്‍സ്. ഏഴ് ഫോറും രണ്ട് സിക്സും. ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല മുംബൈയെ നദീൻ തകര്‍ത്തെറിഞ്ഞത്. മുംബൈയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത് നദീന്റെ പന്തുകളായിരുന്നു

അസാധാരണമായൊരു നിമിഷത്തിന്റെ മധ്യസ്ഥയായി നദീൻ ഡി ക്ലെര്‍ക്ക് നിലകൊണ്ട വെള്ളിയാഴ്ച.

വനിത പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിലെ ആദ്യ മത്സരമാണ്. രണ്ട് മാസങ്ങള്‍ക്ക് മുൻപ് ഹര്‍മൻപ്രീത് കൗറിന്റെ സംഘം ലോകക്രിക്കറ്റിന്റെ ഉന്നതികയറിയപ്പോള്‍, നദീൻ തലകുനിച്ച് നിമിഷങ്ങളോളം നിന്ന അതേ മൈതാനം, നവി മുംബൈ. ഇക്കുറിയും നദീനിന്റെ ബാറ്റിനെ നിശബ്ദമാക്കാൻ ഹര്‍മൻപ്രീതിന്റെ തന്ത്രങ്ങളുണ്ട്. അത് മുംബൈ ഇന്ത്യൻസിന്റെ രൂപത്തിലാണെന്ന് മാത്രം. പക്ഷേ, ഹര്‍മന്റെ കണക്കുകൂട്ടലുകളേയും നാറ്റ് സീവര്‍ ബ്രന്റിന്റെ ഐതിഹാസികതേയും അവര്‍ മറികടക്കുകയാണ്. ആൻ എക്സ്ട്രാ ഓര്‍ഡിനറി ഇന്നിങ്സ് ഫിനിഷ് ഫ്രം നദീൻ ഡി ക്ലെര്‍ക്ക്.

അവസാന ഓവറാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ജയത്തിനുമിടയില്‍ 18 റണ്‍സ്. പ്രതിരോധിക്കാൻ ഹര്‍മൻ വിശ്വാസമര്‍പ്പിച്ചത് നാറ്റ് സീവര്‍ ബ്രന്റിനെ ആയിരുന്നു. മുംബൈയുടെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച താരം. ആദ്യ പന്തൊരു ലെങ്ത് ബോളായിരുന്നു, ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിലേക്ക് പായിച്ചു നദീൻ. ബൗണ്ടറിക്കരിയില്‍ ആ പന്തിന്റെ വേഗതയ്ക്ക് ഷബ്നിം ഇസ്മയില്‍ തടയിടുമ്പോള്‍ നദീൻ തന്റെ അമര്‍ഷം മറച്ചുവെച്ചില്ല. രണ്ടാം പന്തുമൊരു ‍ഡോട്ട് ബോളായിരുന്നു. നാല് പന്തില്‍ 18 റണ്‍സ്. ഒരിക്കല്‍ക്കൂടി മുംബൈ എതിരാളികളുടെ കയില്‍ നിന്ന് ജയം തട്ടിയെടുക്കുകയാണെന്ന് തോന്നിച്ചു.

പക്ഷേ, മൂന്നാം പന്തില്‍ നാറ്റ് സീവറിന് പിഴച്ചു, സ്ലോട്ട് ബോള്‍. ചുവടുമാറി നദീൻ ആ പന്തിനെ നിക്ഷേപിച്ചത് ലോങ് ഓഫിനപ്പുറമായിരുന്നു. അടുത്തത് ഒരു സ്ലോ ബൗണ്‍സര്‍, നന്ദി പറഞ്ഞുകൊണ്ടൊരു ഹുക്ക് ഷോട്ട്, സ്ക്വയറിന് പിന്നിലൂടെ ബൗണ്ടറി. നാല് പന്തില്‍ 18 റണ്‍സെന്നത് രണ്ട് പന്തില്‍ എട്ടായി മാറി. സ്ലോ ബോള്‍ തന്നെ തുടര്‍ന്ന നാറ്റ് സീവറിന്റെ അഞ്ചാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ ഗ്യാലറിയിലെത്തി. ആ നിമിഷം മുംബൈ താരങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു. തോല്‍വി അവരുടെ അടുത്തെത്തിയിരിക്കുന്നു. ഒരു പന്തും രണ്ട് റണ്‍സും. ഇവിടെയായിരുന്നു നദീൻ എത്രത്തോളം ആത്മവിശ്വാസം നിറഞ്ഞ താരമാണെന്ന് തെളിഞ്ഞത്.

വിജയമുറപ്പിക്കാൻ ഒരു സേഫ് ഷോട്ടായിരുന്നില്ല നദീൻ തിരഞ്ഞെടുത്തത്. നാറ്റ് സീവറിന്റെ യോര്‍ക്കര്‍ ശ്രമം. ബൗളറിന്റെ തലയ്ക്ക് മുകളിലൂടെ ഒരു ലോഫ്റ്റഡ് ഷോട്ട്, ലോങ് ഓഫിലേയും ലോങ് ഓണിലേയും മുംബൈ ഫീല്‍ഡര്‍മാര്‍ക്ക് തടുക്കാവുന്നതിലും വേഗത്തില്‍ പന്ത് ബൗണ്ടറി വര കടന്നു. ബെംഗളൂരുവിന് ത്രില്ലര്‍ ജയം, നദീൻ ഇരുകൈകളുമുയര്‍ത്തി ജയം ആഘോഷിച്ചു, സാധ്യതാസിദ്ധാന്തങ്ങളെ തിരുത്തിയ അവിശ്വസനീയ ഇന്നിങ്സ്. ആരിലേക്ക് നോക്കണമെന്ന് അറിയാതെ മുംബൈ താരങ്ങള്‍ നിരാശയിലേക്കും. 19-ാം ഓവറിലെ ആദ്യ പന്തില്‍ നദീനെ കൈവിട്ട നിമിഷം നാറ്റ് സീവറിനെ വേട്ടയാടുന്നുണ്ടായിരിക്കണം.

പുറത്താകാതെ 44 പന്തില്‍ 63 റണ്‍സ്. ഏഴ് ഫോറും രണ്ട് സിക്സും. ബാറ്റുകൊണ്ട് മാത്രമായിരുന്നില്ല മുംബൈയെ നദീൻ തകര്‍ത്തെറിഞ്ഞത്. മുംബൈയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത് നദീന്റെ പന്തുകളായിരുന്നു. അതും നാല് നിര്‍ണായക വിക്കറ്റുകള്‍. മുംബൈയുടെ ഏറ്റവും മികച്ച ബാറ്റര്‍മാരായ നാറ്റ് സീവര്‍ ബ്രന്റും ഹര്‍മൻപ്രീത് കൗറും ആദ്യം. ശേഷം മുംബൈയ്ക്കായി പോരാടിയ നിക്കോള കാരിയും സജന സജീവനും. സജനയും നിക്കോളയുമായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍മാര്‍. കേവലം നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍. കളിയിലെ താരം.

എലീസ് പെറിയെന്ന ഇതിഹാസത്തിന്റെ അഭാവമോര്‍ത്ത് ബെംഗളൂരു നിരാശപ്പെടേണ്ടതില്ല. ആ റോള്‍ നദീൻ ഇനി വഹിക്കുമെന്ന് ആദ്യ മത്സരം തന്നെ തെളിയിച്ചിരിക്കുന്നു. രണ്ട് മാസങ്ങള്‍ക്ക് മുൻപ് ഡി വൈ പാട്ടീലില്‍ നിന്ന് നിരാശയോടെ മടങ്ങിയ നദീന് ഡബ്ല്യുപിഎല്ലില്‍ അതേ മൈതാനത്ത് വീണ്ടെടുപ്പ്.