മലയാളി താരങ്ങളെ കൊണ്ട് സമ്പന്നമായി മഞ്ഞപ്പട

കൊച്ചി: കേരള പോലീസിനും എസ്ബി‍ടിക്കുമെല്ലാം ശേഷം കേരളത്തിന്‍റെ സ്നേഹം പിടിച്ചു വാങ്ങിയ ഫുട്ബോള്‍ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. കാല്‍പ്പന്തിനെ നെഞ്ചേറ്റുന്ന നാട്ടില്‍ ഫുട്ബോള്‍ ഉത്സവങ്ങള്‍ തീര്‍ക്കാനെത്തിയ ബ്ലാസ്റ്റേഴ്സിനെ സ്നേഹം കൊണ്ട് ഐഎസ്എല്ലിന്‍റെ ഓരോ സീസണിലും വീര്‍പ്പ് മുട്ടിക്കാന്‍ മലയാളികള്‍ക്കായി.

പക്ഷേ, പേരില്‍ കേരള ഉണ്ടെങ്കില്‍ പോലും അത് കേരളത്തിന്‍റെ ടീമല്ലെന്നുള്ള അടക്കം പറച്ചിലുകള്‍ ഇതിനിടയില്‍ സജീവമായിരുന്നു. മുഹമ്മദ് റാഫി, സി.കെ. വിനീത്, റിനോ ആന്‍റോ എന്നിങ്ങനെ ഇന്ത്യന്‍ ഫുട്ബോളില്‍ തന്നെ പേരും പെരുമയുമുള്ള താരങ്ങള്‍ ടീമിനായി വിവിധ സീസണുകളില്‍ കളിച്ചെങ്കിലും മലയാളി താരങ്ങള്‍ അധികം മഞ്ഞപ്പടയുടെ ജേഴ്സിയില്‍ കളിക്കാനിറങ്ങിയില്ല.

പക്ഷേ, ഈ പരിഭവം പറച്ചിലുകള്‍ക്ക് ഈ സീസണില്‍ അവസാനമാവുകയാണ്. ഒന്നും രണ്ടുമൊന്നുമല്ല, മലയാളി തനിമയുള്ള 11 താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടുക. റിനോ ആന്‍റോ തന്‍റെ മുന്‍ ക്ലബ്ബായ ബംഗളൂരു എഫ്സിയിലേക്ക് തിരിച്ചു പോയെങ്കിലും അനസ് എടത്തൊടിക അബ്ദുള്‍ ഹക്കു എന്നിങ്ങനെ കളി പരിചയമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.

പ്രീ സീസണ്‍ ടൂര്‍ണമെന്‍റായി മഞ്ഞപ്പട കളിക്കുന്ന ടൊയോട്ട യാരിസ് ലാ ലിഗയിലേക്കുള്ള 31 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് അതില്‍ 11 മലയാളികള്‍ ഇടം നേടിയിരിക്കുന്നത്. ഐഎസ്എല്‍ ടീമുകളില്‍ തന്നെ സ്വന്തം നാട്ടില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ താരങ്ങള്‍ കളിക്കുന്ന ടീമായി കേരള ബ്ലാസ്റ്റേഴ്സ് ഇതോടെ മാറി.

ടീമിന്‍റെ എല്ലാ മേഖലയിലും ഇങ്ങാന്‍ ഇത്തവണ മലയാളി സാന്നിധ്യമുണ്ട്. ഗോള്‍കീപ്പറായി എം.എസ്. സുജിത്ത്, പ്രതിരോധം കാക്കാന്‍ അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, ജിഷ്ണു ബാലകൃഷ്ണന്‍ എന്നിവര്‍. മധ്യനിരയില്‍ കളി മെനയാന്‍ സക്കീര്‍ മുണ്ടംപ്പാറ, സഹല്‍ അബ്ദുള്‍ സമദ്, പ്രശാന്ത് മോഹന്‍, ഋഷിദത്ത് ശശികുമാര്‍ എന്നിവരിറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ സി.കെ. വിനീത്, വി.കെ. അഫ്ദല്‍, എം.എസ്. ജിതിന്‍ എന്നിവര്‍ അണിനിരക്കും.

ഇതില്‍ എല്ലാവര്‍ക്കും കളിക്കാനുള്ള അവസരം ലഭിക്കുമോയെന്നുള്ള കാര്യം സംശയമാണ്. സി.കെ. വിനീത്, അനസ്, ഹക്കു എന്നിങ്ങനെ ഐഎസ്എല്‍ കളി പരിചയമുള്ള താരങ്ങള്‍ക്ക് അവസരം കൂടുതല്‍ കിട്ടുമ്പോള്‍ അഫ്ദലിനെ പോലെ സന്തോഷ് ട്രോഫിയില്‍ മിന്നുന്ന പ്രകടവുമായി എത്തിയവര്‍ക്ക് മികച്ച പരിശീലനം നടത്താനുള്ള അവസരം ലഭിക്കുമെന്നത് കേരളത്തിന്‍റെ ഫുട്ബോള്‍ വളര്‍ച്ചയ്ക്ക് സഹായകമാകും.