ദില്ലി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് ആവേശമൊരുക്കാന്‍ ട്രോഫി പര്യടനം ഓഗസ്റ്റ് 17 ന് ദില്ലിയിലാരംഭിക്കും. 6 ആതിഥേയത്വ നഗരങ്ങളിലുടെ കടന്നുപോകുന്ന യാത്ര 9000 കിമി ദൂരം താണ്ടും. കൊല്‍ക്കത്ത, ഗുവാഹത്തി, ഗോവ, മുംബൈ, കൊച്ചി എന്നീ നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്. സെപ്റ്റംബര്‍ 21 മുതല്‍ 26 വരെ കൊച്ചിയില്‍ ആരാധകര്‍ക്ക് ട്രോഫി നേരിട്ടു കാണാനാകും.



ഫുട്ബോള്‍ ആരാധകര്‍ക്ക് ട്രോഫി നേരിട്ടുകാണാനുള്ള അവസരമാണിതെന്ന് പ്രാദേശിക സംഘാടക കമ്മിറ്റി ചെയര്‍മാന്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ട്രോഫി കാണാന്‍ വേദികളില്‍ ആരാധകര്‍ തടിച്ചുകൂടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു. ഓഗസ്റ്റ് 17നാരംഭിക്കുന്ന ട്രോഫി പര്യടനം 22 വരെ ദില്ലിയിലുണ്ടാകും. ഓഗസ്റ്റ് 24 മുതല്‍ 29 വരെ ഗുവാഹത്തിയിലും 31 മുതല്‍ സെപ്റ്റംബര്‍ 5 വരെ കൊല്‍ക്കത്തയിലുമാണ് പര്യടനം. സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ മുംബൈയിലും 14 മുതല്‍ 19 വരെ ഗോവയിലും ട്രോഫിയുണ്ടാകും.

ഒക്ടോബര്‍ 6 മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നത്. എല്ലാ വേദികളിലും ട്രോഫി കാണാനുള്ള സൗകര്യം ആരാധകര്‍ക്കുണ്ടാകും. ആദ്യമായാണ് ലോകകപ്പ് ഫുട്ബോളിനു ഇന്ത്യ വേദിയാകുന്നത്. ഒക്ടോബര്‍ 28 ന് കൊല്‍ക്കത്തയിലാണ് ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍.