ഫുട്ബോള്‍ പ്രേമികള്‍ ഏറെ ആസ്വദിച്ച മൽസരമായിരുന്നു കഴിഞ്ഞ ദിവസത്തെ എൽ ക്ലാസിക്കോ. റയൽമാഡ്രിഡിനെ അവരുടെ തട്ടകത്തിൽവെച്ച് ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. കിരീടപോരാട്ടത്തിൽ പിന്നോക്കം പോകുന്നതായിരുന്നു ക്രിസ്‌മസ് ഇടവേളയ്‌ക്കുമുമ്പുള്ള റയലിന്റെ തോൽവി. ബദ്ധവൈരികളോടേറ്റ തോൽവി, റയൽതാരങ്ങള്‍ക്കും കോച്ച് സിദാനും കുറച്ചുനാളത്തേക്ക് ഉറക്കിമല്ലാത്ത രാത്രികളാണ് സമ്മാനിച്ചിരിക്കുന്നത്. ഒട്ടും ആഘോഷപൂര്‍വ്വമായിരിക്കില്ല റയൽ ക്യാംപിന്റെ ഇത്തവണത്തെ ക്രിസ്‌മസ്. ഇവിടെയിതാ, റയൽ തോൽക്കാനുള്ള 5 കാരണങ്ങള്‍ വിശകലനം ചെയ്യുകയാണ്.

5, മികച്ച തുടക്കം മുതലാക്കാനായില്ല

കത്തിനിന്ന സൂര്യനെ സാക്ഷിയാക്കി, ആയിരകണക്കിന് ആരാധകര്‍ ആര്‍ത്തലച്ച ബെര്‍ണബ്യൂവിൽ മികച്ച തുടക്കമാണ് റയലിന് ലഭിച്ചത്. മധ്യനിരയിൽ മറ്റെ കൊവാസിക്, കേസ്മിറോ, മോഡ്രിക്, ക്രൂസ് എന്നിവര്‍ ഒരുക്കിയെടുത്ത അവസരങ്ങള്‍ പക്ഷേ റൊണാള്‍ഡോ ഉള്‍പ്പടെയുള്ള മുന്നേറ്റക്കാര്‍ ലക്ഷ്യത്തിലെത്തിക്കുന്നതിൽ വീഴ്ചവരുത്തി. തുടക്കത്തിലേ ഗോള്‍ നേടാനായിരുന്നെങ്കിൽ മൽസരഫലം മറ്റൊന്നാകുമായിരുന്നു.

4, തീര്‍ത്തും നിറംമങ്ങിപ്പോയ കരിം ബെൻസിമ

കഴിഞ്ഞ കുറേനാളുകള്‍ക്കിടയിൽ ഫ്രഞ്ച് താരം കരിം ബെൻസിമ ഇത്രയും മോശമായി കളിക്കുന്നത് ഇതാദ്യമായാണ്. ബെൻസിമയ്‌ക്ക് പിഴച്ചപ്പോള്‍, അത് റയലിന്റെ മുഴുവൻ താളവുംതെറ്റിച്ചുകളഞ്ഞു. ഇതിനിടയിൽ ഹെഡ്ഡറിലൂടെ ഒരു ഗോള്‍ നേടാനുള്ള സുവര്‍ണാവസരവും ബെൻസിമ തുലച്ചുകളഞ്ഞിരുന്നു.

3, അവസരങ്ങള്‍ മുതലാക്കി ബാഴ്‌സ

റയലിനെ അപേക്ഷിച്ച് കുറച്ച് അവസരങ്ങള്‍ മാത്രമാണ് ബാഴ്‌സയ്‌ക്ക് ലഭിച്ചത്. എന്നാൽ അവയിൽ ഭൂരിഭാഗവും ലക്ഷ്യത്തിലെത്തിക്കാൻ മെസിക്കും സുവാരസിനുമൊക്കെ സാധിച്ചു. ഇതു മൽസരഫലത്തെ നിര്‍ണയിച്ച പ്രധാന ഘടകമാണ്.

2, തളര്‍ന്നുപോയ മധ്യനിര

മൽസരത്തിന്റെ തുടക്കത്തിൽ റയൽമാഡ്രിഡ് മധ്യനിര പുറത്തെടുത്ത വേഗവും ചടുലനീക്കങ്ങളും മൽസരം പാതിപിന്നിട്ടതോടെ കാണാനായില്ല. ക്ഷീണിച്ചവരെ പോലെയായിരുന്നു രണ്ടാംപകുതിയിൽ റയലിന്റെ മധ്യനിര. ആദ്യ ഗോളിന് വഴിയൊരുക്കിയ ഇവാൻ റാക്‌ടികിന്റെ മുന്നേറ്റത്തിനൊപ്പം എത്താനാകാതെ റയൽ താരങ്ങള്‍ പിന്നിലായിപ്പോയിരുന്നു. പകരക്കാരനായി ഗരെത് ബെയ്‌ലിനെയൊക്കെ കൊണ്ടുവന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല.

1, ഭാഗ്യം ബാഴ്‌സയ്ക്കൊപ്പം...

മൈതാനത്തെ ഭാഗ്യത്തിന്റെ ആനുകൂല്യം പൂര്‍ണമായും ബാഴ്‌സയ്ക്കൊപ്പമായിരുന്നുവെന്ന് പറയേണ്ടിവരും. റയൽ താരങ്ങള്‍ പലതവണ ഗോളിന് തൊട്ടരികിൽ എത്തിയതായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ബെൻസിമയുടെ ഹെഡര്‍ അവസരം തുലച്ചപ്പോള്‍ ഗ്യാലറികള്‍ ശരിക്കും സ്‌തബ്ധരായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എണ്ണംപറഞ്ഞ ചില അവസരങ്ങള്‍ നഷ്‌ടപ്പെടുത്തി. എന്നാൽ മറുവശത്ത് ബാഴ്‌സ താരങ്ങള്‍ കാൽവെച്ചതെല്ലാം പൊന്നായി. രണ്ടാംപകുതിയിൽ അവര്‍ നന്നായി കളിക്കുകയും ചെയ്തു.