ചെന്നൈ: എബി ഡിവില്ലിയേഴ്സ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാന്‍ ആഗ്രഹിച്ചിരുന്നതായി മുന്‍ താരം ജോണ്ടി റോഡ്സിന്‍റെ വെളിപ്പെടുത്തല്‍. 2016ല്‍ വിരമിക്കാനാഗ്രഹിച്ച ഡിവില്ലിയേഴ്സിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ട് നിലനിര്‍ത്തുകയായിരുന്നുവെന്ന് ജോണ്ടി റോഡ്സ് പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ഡിവില്ലിയേഴ്സിന് നന്നായി അറിയാമെന്ന് റോഡ്സ് അഭിപ്രായപ്പെട്ടു. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ലോകത്തെ മികച്ച താരങ്ങളിലൊരാളാണ് എബി ഡിവില്ലിയേഴ്സ്.



106 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 50ലധികം ശരാശരിയില്‍ 8074 റണ്‍സാണ് എബി ഡിവില്ലിയേഴ്സിന്‍റെ സമ്പാദ്യം. 2004ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഡിവിലലിയേഴ്സിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റില്‍ 21 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും ഡിവിലേഴ്സിന്‍റെ പേരിലുണ്ട്. 33 കാരനായ ഡിവിലേഴ്സ് 2016ന് ശേഷം മൂന്ന് ടെസ്റ്റ് മല്‍സരങ്ങല്‍ മാത്രമാണ് കളിച്ചത്. ഈ വര്‍ഷം ഒരു ടെസ്റ്റ് മല്‍സരം പോലും ഡിവില്ലിയേഴ്സ് കളിച്ചിട്ടില്ല. 

ഗ്ലോബല്‍ ടി20 ലീഗിന്‍റെ കാര്യങ്ങള്‍ ഡിവില്ലിയേഴ്സുമായി സംസാരിച്ച കാര്യം റോഡ്സ് സ്ഥിരീകരിച്ചു. എന്നാല്‍ ടെസ്റ്റ് കരിയറിനെക്കുറിച്ച് സംസാരിച്ചില്ലെന്ന് അദേഹം പറഞ്ഞു. ടി20 ലീഗുകള്‍ കളിച്ച് പണമുണ്ടാക്കുന്നതിന് ദക്ഷിണാഫ്രിക്കന്‍ ജനത എതിരാണെന്ന് ജോണ്ടി റോഡ്സ് പറഞ്ഞു. താരങ്ങളെ മറ്റ് ലീഗുകള്‍ കളിക്കാന്‍ അനുവദിക്കുന്നത് ബിസിസിഐ മാത്രമാണെന്ന് റോഡ്സ് കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ട്രിച്ചി വാരിയേഴ്സിന്‍റെ ഉപദേശകനാണ് ജോണ്ടി റോഡ്സിപ്പോള്‍.