മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ജീവിത കഥ പറഞ്ഞ എംഎസ് ധോനി ദ് അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മറ്റൊരു കായിക താരത്തിന്റെ വേഷത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് എത്തുന്നു. പാരലിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിതന്ന കായിക താരം മുരളീകാന്ത് പേട്കറിന്റെ ജീവിതമാണ് സുശാന്ത് ഇനി അഭ്രപാളിയിലെത്തുക.

നാടിന് വേണ്ടി പോരാടിയ ധീരജവാന്‍. 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് സേനയില്‍നിന്ന് വിരമിക്കേണ്ടിവന്നപ്പോഴും മുരളീകാന്ത് പേട്കറിന്റെ പോരാട്ട വീര്യം അവസാനിച്ചില്ല. ബോക്‌സിംഗ് ആയിരുന്നു ഇഷ്‌ട കായിക ഇനം. യുദ്ധത്തില്‍ അംഗഭംഗം സംഭവിച്ചതോടെ മുരളീകാന്ത് പേട്കര്‍ തന്റെ ഇനം നീന്തലാക്കി മാറ്റി. അതില്‍ താന്‍ തന്നെയാണ് ലോകത്തിലെ തന്നെ ഒന്നാമന്‍ എന്ന് പേട്‌കര്‍ തെളിയിച്ചു.

1972 ജര്‍മ്മനിയിലെ ഹീഡല്‍ബെര്‍ഗില്‍ നടന്ന പാരലിംപിംക്‌സില്‍ സ്വര്‍ണ്ണം തന്നെ നേടി. മുരളീകാന്ത് പേട്കറിന്റെ കഥ സിനിമയാകുകയാണ്. എംഎസ് ധോനിയെ ഏറ്റവും തന്‍മയത്വത്തോടെ അവതരിപ്പിച്ച സുശാന്ത് സിംഗ് രജ്പുത്തിന്റെ അടുത്ത നിയോഗം. മുരളീകാന്ത് പേട്കറിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതില്‍നിന്ന് പ്രചോദനം ഉള്‍പ്പൊള്ളാനായതായി സുശാന്ത് പറയുന്നു.

ഈ കഥാപാത്രം ചെയ്യാന്‍ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിപോലും വന്നില്ലെന്ന് സുശാന്ത് പറഞ്ഞു. നിലവില്‍ നാല് ചിത്രങ്ങളുടെ തിരക്കിലാണ് താരം. ദിനേശ് വിജാനിന്റെ രബ്ത, ഹോമി അഡാജാനിയയുടെ തക്ദും, ഇന്ത്യയിലെ ആദ്യ ബഹിരാകാശ സിനിമ ചന്ദ മാമ ദൂര്‍ കെ തുടങ്ങി ഒരുപിടി ചിത്രങ്ങളുമായി സുശാന്ത് തിരക്കിലാണ്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി 100 കോടിയും പിന്നിട്ട് തകര്‍ത്ത് ഓടുകയും ചെയ്യുന്നു.