ആദ്യ രണ്ട് സെഷനുകളിലും പകച്ചുനിന്ന അഫ്ഗാന്‍ അവസാന സെഷനില്‍ കരുത്തുകാട്ടിയാണ് പരാജയത്തിന് വഴങ്ങിയത്

ബെംഗളുരൂ: ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടി ടീം ഇന്ത്യ. ഇന്നിംഗ്സ് ജയത്തിന് ശേഷം ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ , അഫ്ഗാന്‍ നായകനെയും ക്ഷണിച്ചത് ആരാധകര്‍ക്കിടയിൽ തരംഗമായി. പരാജിതരെ എങ്ങനെ പരിഗണിക്കണമെന്ന് പുത്തന്‍ പാഠം ക്രിക്കറ്റ് ലോകത്തെ പഠിപ്പിച്ച രഹാനെയുടെ നടപടി ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ നേടിയത് കുറഞ്ഞ സമയം കൊണ്ടാണ്.

ക്രിക്കറ്റ് മല്‍സരത്തിനപ്പുറം സൗഹൃദത്തിനും വേദിയാക്കാമെന്ന് പുത്തന്‍പാഠമാണ് രഹാനെ കാണിച്ചതെന്നാണ് പ്രശംസിക്കുന്നവര്‍ വിലയിരുത്തുന്നത്. മത്സരത്തിന് ശേഷം ട്രോഫിയുമായി പോസ് ചെയ്തതും ഇരുടീമും ഒന്നിച്ചായിരുന്നു. 2 ദിവസം കൊണ്ട് അവസാനിച്ച അഫ്ഗാന്‍റെ അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യ , ഇന്നിംഗ്സിനും 262 റൺസിനുമാണ് ജയിച്ചത്. ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.

ബംഗളുരുവിലാരംഭിച്ച ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിന്‍റെ ആദ്യ രണ്ട് സെഷനുകളിലും പകച്ചുനിന്ന അഫ്ഗാന്‍ അവസാന സെഷനില്‍ കരുത്തുകാട്ടിയാണ് പരാജയത്തിന് വഴങ്ങിയത്. ഇന്ത്യന്‍ മണ്ണില്‍ അത്ഭുതം കാട്ടുമെന്ന് പറഞ്ഞെത്തിയ റാഷിദ്ഖാനെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ തിര‍ഞ്ഞുപിടിച്ച് തല്ലിയെങ്കിലും നായകന്‍ അജിങ്ക്യ രഹാനയെ വിക്കറ്റിന് മുന്നില്‍ കുരുക്കി കരുത്തുകാട്ടാന്‍ അഫ്ഗാന്‍ സ്പിന്നര്‍ക്കു സാധിച്ചിരുന്നു.