Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി വീണ്ടും വാതുവെപ്പ് വിവാദം

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി വീണ്ടും വാതുവെപ്പ് വിവാദം. 2011ലെ ഏകദിന ലോകകപ്പ്, 2012ലെ ട്വന്റി-20 ലോകകപ്പ് ഉള്‍പ്പെടെയുള്ള  ടൂര്‍ണമെന്റുകളില്‍ വാതുവെപ്പ് നടന്നതായി അല്‍ജസീറ ചാനലാണ് 'ക്രിക്കറ്റ് മാച്ച് ഫിക്സേഴ്സ്' എന്ന ഡ്യോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയത്.

Al Jazeera documentary alleges spot fixing in 15 matches
Author
Mumbai, First Published Oct 22, 2018, 11:26 AM IST

മുംബൈ: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കി വീണ്ടും വാതുവെപ്പ് വിവാദം. 2011ലെ ഏകദിന ലോകകപ്പ്, 2012ലെ ട്വന്റി-20 ലോകകപ്പ് ഉള്‍പ്പെടെയുള്ള  ടൂര്‍ണമെന്റുകളില്‍ വാതുവെപ്പ് നടന്നതായി അല്‍ജസീറ ചാനലാണ് 'ക്രിക്കറ്റ് മാച്ച് ഫിക്സേഴ്സ്' എന്ന ഡ്യോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തിയത്.

2011-2012 കാലയളവില്‍ ട്വന്റി-20 ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും ആറ് ടെസ്റ്റുകളിലും ആറ് ഏകദിനങ്ങളിലും സ്പോട് ഫിക്സിംഗ് (തത്സമയ വാതുവെപ്പ്) നടന്നുവെന്നാണ് അല്‍ജസീറയുടെ വെളിപ്പെടുത്തല്‍. വാതുവെപ്പില്‍ ഏഴ് ഇംഗ്ലീഷ് താരങ്ങളും അഞ്ച് ഓസ്ട്രേലിയന്‍ താരങ്ങളും മൂന്ന് പാക്കിസ്ഥാന്‍ താരങ്ങളും മറ്റൊരു രാജ്യത്തെ ഒരു കളിക്കാരനും പങ്കാളികളായതായും ഡോക്യുമെന്ററിയില്‍ പറയുന്നു.

2011ല്‍ ലോര്‍ഡ്സില്‍ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റും ഇതേവര്‍ഷം കേപ്‌ടൗണില്‍ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റും 2011 ഏകദിന ലോകകപ്പിലെ അഞ്ച് കളികളിലും 2012 ട്വന്റി-20 ലോകകപ്പിലെ മൂന്ന് കളികളിലും 2012ല്‍ യുഎഇയില്‍ നടന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലും തത്സമയ വാതുവെപ്പ് നടന്നതായും മുനാവര്‍ ഫയല്‍ എന്നപേരില്‍ ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു. മത്സരം പൂര്‍ണമായും ഒത്തുകളിക്കുന്നതിന് പകരം ഏതെങ്കിലും ഓവറോ സെഷനോ മാറ്റിമറിക്കുന്ന സ്പോട്ട് ഫിക്സിംഗാണ് ഈ മത്സരങ്ങളിലെല്ലാം നടന്നത്. സ്പോട് ഫിക്സിങ്ങിന്റെ ഭാഗമായി ബാറ്റ്സ്മാൻമാർ സ്വാഭാവിക ശൈലിക്കുചേരാത്ത പ്രകടനം നടത്തിയതായാണു ചാനലിന്റെ കണ്ടെത്തൽ.

ഇത്തരത്തില്‍ 15 മത്സരങ്ങളില്‍ നിന്നായി ആകെ 26 ഒത്തുകളികള്‍ നടന്നു. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ എന്നീ ടീമുകളിലെ താരങ്ങളാണ് സ്പോട് ഫിക്സിങ്ങിൽ ഏര്‍പ്പെട്ടത്. മറ്റ് ചില ടീമുകളിലെ പല പ്രമുഖ താരങ്ങളും‍ ഉള്‍പ്പെട്ടതായും സൂചനയുണ്ട്.വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീൽ മുനവറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് ചാനല്‍ പറഞ്ഞു.

ഇയാള്‍ പല പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ചാനല്‍ പുറത്ത് വിട്ടു. യുഎഇയില്‍ നടന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ മൂന്നാം ടെസ്റ്റിനിടെ പാക് താരം ഉമര്‍ അക്മല്‍ ഹോട്ടല്‍ ലോബിയില്‍ ഡി കമ്പനി പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

അനീല്‍ മുനവറിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നും ചാനല്‍ പറയുന്നു. ഫോൺ സംഭാഷണങ്ങളിൽ മുനവർ നടത്തുന്ന 26 പ്രവചനങ്ങളിൽ 25 എണ്ണവും ശരിയായിട്ടുണ്ട് എന്നതാണു സ്പോട് ഫിക്സിങ് നടന്നതിനുള്ള തെളിവായി കാണുന്നത്. സംഭാഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് ചാനല്‍ അറിയിച്ചു. അതേസമയം, വിഷയത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഐസിസി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios