ബാഴ്സയുടെയും ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും സൂപ്പര്‍ പരിശീലകനായ പെപ്പ് ഗാര്‍ഡിയോളയെ എത്തിക്കാനാണ് അര്‍ജന്‍റീന ആദ്യം ശ്രമിച്ചത്. പെപ്പിന് മെസിയോടുള്ള അടുപ്പം കൂടെ വിലയിരുത്തപ്പെട്ടപ്പോള്‍ അത് ഏറ്റവും മികച്ച നീക്കമായി ഫുട്ബോള്‍ ലോകം കണ്ടു

ബ്യൂണസ് ഐറിസ്: ലോകത്തെ ഏറ്റവും മികച്ച താരമാരാണെന്ന ചോദ്യം വരുമ്പോള്‍ അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കാന്‍ ലിയോണല്‍ മെസിയുണ്ടാകും. എന്നാല്‍, മികച്ച ടീം ഏതെന്നുള്ള ചോദ്യം വരുമ്പോള്‍ മെസിയുടെ അര്‍ജന്‍റീന ഇപ്പോള്‍ പിന്നിലായി പോവുകയാണ്. ലോകകപ്പിലും രണ്ടു കോപ്പ അമേരിക്കയിലും കലാശ പോരാട്ടത്തില്‍ വീണതിന്‍റെ സങ്കടം തീര്‍ക്കാന്‍ റഷ്യയിലെത്തിയ ടീമിന് പ്രീക്വാര്‍ട്ടര്‍ പോലും കടന്ന് മുന്നേറാനായില്ല.

ഗ്രൂപ്പ് റൗണ്ടില്‍ തപ്പിത്തടഞ്ഞ് അടുത്ത റൗണ്ടിലെത്തിയ മെസിപ്പടയെ ഫ്രാന്‍സ് തകര്‍ത്ത് കളഞ്ഞു. ലോകകപ്പിന് പിന്നാലെ പരിശീലകന്‍ സാംപോളിയെ അര്‍ജന്‍റീന പുറത്താക്കിയിരുന്നു. അതിന് പകരം ടീമിനെ ദുരിത കയത്തില്‍ നിന്ന് രക്ഷിക്കാന്‍ ആര് വരുമെന്നുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബാഴ്സയുടെയും ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും സൂപ്പര്‍ പരിശീലകനായ പെപ്പ് ഗാര്‍ഡിയോളയെ എത്തിക്കാനാണ് അര്‍ജന്‍റീന ആദ്യം ശ്രമിച്ചത്.

പെപ്പിന് മെസിയോടുള്ള അടുപ്പം കൂടെ വിലയിരുത്തപ്പെട്ടപ്പോള്‍ അത് ഏറ്റവും മികച്ച നീക്കമായി ഫുട്ബോള്‍ ലോകം കണ്ടു. എന്നാല്‍, ലാറ്റിനമേരിക്കന്‍ വമ്പന്മാരെ പരിശീലിപ്പിക്കാന്‍ പെപ്പ് എത്തില്ലെന്നുറപ്പായി. ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ക്ലോഡിയോ ടാപ്പിയ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ ഏറ്റവും താരമൂല്യമുള്ള പരിശീലകരില്‍ ഒരാളായ ഗാര്‍ഡിയോളയുമായി സാമ്പത്തിക കാര്യത്തില്‍ ധാരണയാകാന്‍ സാധിക്കാത്തതാണ് പിന്മാറ്റത്തിനുള്ള കാരണം.

അര്‍ജന്‍റീന മുന്നോട്ട് വച്ച ഓഫര്‍ പെപ്പ് നിരസിച്ചതായും അഭ്യൂഹങ്ങളുണ്ട്. ഇതോടെ വീണ്ടും പരിശീലകനെ തേടിയുള്ള ഊര്‍ജിത ശ്രമങ്ങള്‍ ഫെഡറേഷന്‍ ആരംഭിച്ചിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് തിളക്കമുള്ള ആരെയെങ്കിലും എത്തിച്ച് ആരാധകരുടെ രോഷം അടക്കുകയെന്ന ലക്ഷ്യവും ഫെഡറേഷനുണ്ട്. അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ സിമിയോണി അടക്കമുള്ള പ്രമുഖരാണ് പട്ടികയിലുള്ളത്. സാമ്പോളി പോയ ഒഴിവില്‍ മുൻ താരങ്ങളായ പാബ്ലോ ഐമർ, ലയണൽ സ്കൊളാനി എന്നിവരാണ് ടീമിന്‍റെ താത്കാലിക പരിശീലകര്‍.