സിഡ്നി: ആഷസ് പരമ്പരയില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങള്‍ ഓസീസ് ചാരമാക്കി. പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്നിംഗ്സിനും 123 റണ്‍സിനും ഇംഗ്ലണ്ടിനെ കീഴടക്കിയ ഓസീസ് അഞ്ച് മത്സര പരമ്പര 4-0ന് സ്വന്തമാക്കി. നാലാം ടെസ്റ്റിലെ സമനിലയോടെ ഓസീസിന് മുന്നില്‍ സമ്പൂര്‍ തോല്‍വി വഴങ്ങിയില്ലെന്ന് മാത്രം ജോ റൂട്ടിനും ഇംഗ്ലണ്ടിനും ആശ്വസിക്കാം. സ്കോര്‍ ഇംഗ്ലണ്ട് 346, 180, ഓസ്ട്രേലിയ 649/7.

93/4 എന്ന സ്കോറില്‍ അവസാന ദിനം ക്രീസിലെത്തിയ ഇംഗ്ലണ്ടിന് അത്ഭുതങ്ങളൊന്നും കാത്തുവെക്കാനുണ്ടായിരുന്നില്ല. ഇന്നിംഗ്സ് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാനാവുമോ എന്നുമാത്രമെ ഇംഗ്ലണ്ട് നോക്കിയുള്ളു. എന്നാല്‍ നാലു വിക്കറ്റ് വീഴ്‌ത്തിയ കമിന്‍സും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ലിയോണും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും തകര്‍ത്തു.

58 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് മാത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. ബെയര്‍സ്റ്റോ 38 റണ്‍സെടുത്തപ്പോള്‍ കുറാന്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. പാറ്റ് കമിന്‍സാണ് കളിയിലെ താരം. ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് പരമ്പരയുടെ താരം.