മെല്‍ബണ്‍: ആഷസ് നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. 32-ാം ടെസ്റ്റ് സെഞ്ചുറി നേടിയ അലിസ്റ്റര്‍ കുക്കിന്‍റെ(104*) ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കരുത്തായത്. ഇംഗ്ലണ്ടിനായി നായകന്‍ ജോ റൂട്ട് പുറത്താകാതെ 49 റണ്‍സെടുത്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 192 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 104 റണ്‍സുമായി അലിസ്റ്റര്‍ കുക്കും 49 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. 

ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനായി മാര്‍ക് സ്റ്റോണ്‍മാന്‍ 15 റണ്‍സുമായും ജയിംസ് വിന്‍സ് 17 റണ്‍സെടുത്തും പുറത്തായി. ഓസീസിനായി ഹെയ്സല്‍വുഡ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 244 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 327 റണ്‍സിന് പുറത്തായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്സണുമാണ് ഓസീസിനെ ചുരുട്ടിക്കെട്ടിയത്. ക്രിസ് വോക്‌സ് രണ്ടും ടോം കരാണ്‍ ഒരു വിക്കറ്റും നേടി. ഓപ്പണര്‍ ‍ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിയും(103) നായകന്‍ സ്റ്റീവ് സ്‌മിത്ത്(76), ഷോണ്‍ മാര്‍ഷ്(61) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറിയും നേടി. വാര്‍ണറുടെയും സ്മിത്തിന്‍റെയും മികവിലാണ് ഓസീസ് ഒന്നാം ദിനം മികച്ച സ്കോര്‍ പുറത്തെടുത്തത്. 

എന്നാല്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസീസിന് മികച്ച തുടക്കം നിലനിര്‍ത്താനായില്ല. ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ടിം പെയ്നിന്‍റെ വിക്കറ്റ് സ്വന്തമാക്കിയതോടെ ജയിംസ് ആന്‍ഡേഴ്സണ്‍ വിക്കറ്റ് വേട്ടയില്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം കോട്നി വാല്‍ഷിനെ(519) മറികടന്നു. മൂന്ന് വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റില്‍ ആന്‍ഡേഴേ‌സന്‍റെ വിക്കറ്റ് വേട്ട 521 ആയി.