പെര്‍ത്ത്: ആഷസ് പരമ്പരയിലെ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 146 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ 403 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ മൂന്നാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 549 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്‍റെ ഇരട്ടസെഞ്ച്വറിയും(229) മിച്ചൽ മാർഷിന്‍റെ (181) സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. 

ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടാന്‍ സ്മിത്തിനായി. ടെസ്റ്റില്‍ സ്മിത്തിന്‍റെ 22-ാം ശതകവും രണ്ടാം ഡബിള്‍ സെഞ്ചുറിയുമാണ് പെര്‍ത്തില്‍ പിറന്നത്. ബാറ്റിംഗ് ശരാശരിയില്‍‍ ഡോണ്‍ ബ്രാഡ്മാന്(99.94) പിന്നില്‍ രണ്ടാമതെത്താനും സ്മിത്തിനായി(62.89). കളി നിര്‍ത്തുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ 301 റൺസ് കൂട്ടിച്ചേര്‍ത്തിട്ടുള്ള സ്മിത്ത്- മാർഷ് സഖ്യമാണ് ക്രീസില്‍.

മൂന്ന് വിക്കറ്റിന് 203 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസിന് മൂന്നാം ദിനം 28 റൺസെടുത്ത ഷോൺ മാർഷിന്‍റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ക്രഗ് ഓവര്‍ട്ടണ്‍ രണ്ടും ക്രിസ് വോക്സും മെയിന്‍ അലിയും ഓരോ വിക്കറ്റും വീഴ്ത്തി. ജിമ്മി ആന്‍ഡേഴ്സണ്‍ അടക്കമുള്ള മുന്‍നിര ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല.