കൊളംബോ: അതിവേഗം 250 വിക്കറ്റ്, അതിവേഗം 250 വിക്കറ്റും 2000 റണ്‍സും തുടങ്ങിയ റെക്കോര്‍ഡുകള്‍ നേരത്തെ സ്വന്തമാക്കിയ ആര്‍ അശ്വിന് ശ്രീലങ്കയില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി. ലങ്കയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തുന്ന വിദേശ ബൗളര്‍ എന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ലങ്കക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയില്‍ 17 വിക്കറ്റുകളാണ് അശ്വിന്‍ സ്വന്തമാക്കിയത്. അവസാന ടെസ്റ്റില്‍ ആറെണ്ണവും സ്വന്തം പേരിലാക്കി. ഇതോടെ ലങ്കന്‍ മണ്ണില്‍ അശ്വിന്‍ നേടിയ വിക്കറ്റുകളുടെ എണ്ണം 38 ആയി.

പാക്കിസ്ഥാന്‍ സ്പിന്നര്‍ സയ്യിദ് അജ്മലും റെക്കോര്‍ഡ് നേട്ടത്തില്‍ അശ്വിനൊപ്പമുണ്ട്. ഇരുവര്‍ക്കും 38 വിക്കറ്റുകള്‍ സ്വന്തം പേരിലുളളപ്പോള്‍ 37 വിക്കറ്റുമായി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്‍ന്‍ വോണ്‍ രണ്ടാം സ്ഥാനത്താണ്. 30 വിക്കറ്റ് വീതം നേടിയിട്ടുള്ള പാക്കിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം, ന്യൂസിലന്‍ഡിന്റെ ഡാനിയേല്‍ വെറ്റോറി, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരാണ് മൂന്നാം സ്ഥാനത്ത്.

പൊതുവെ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകളാണ് ലങ്കയില്‍ ഉണ്ടാവുകയെങ്കിലും സന്ദര്‍ശക സ്പിന്നര്‍മാര്‍ക്ക് അവിടെ കാര്യമായി തിളങ്ങനായിട്ടില്ല. എന്നാല്‍ ആ പതിവും ഇത്തവണ അശ്വിന്‍ തിരുത്തിക്കുറിച്ചു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളിച്ചതോടെ കരിയറിലെ അമ്പതാം ടെസ്റ്റെന്ന നേട്ടംവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.