Asianet News MalayalamAsianet News Malayalam

അശ്വിന്‍ എറിഞ്ഞിട്ടു; ആന്റിഗ്വയില്‍ ഇന്ത്യയ്‌ക്ക് ഇന്നിംഗ്സ് ജയം

ashwin seals Indias first innings win in westindies
Author
First Published Jul 24, 2016, 8:02 PM IST

ആന്റിഗ്വ: ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റ് ലഭിക്കാതിരുന്ന ആര്‍ അശ്വിന്‍ ഏഴു വിക്കറ്റുമായി രണ്ടാം ഇന്നിംഗ്സില്‍ ആഞ്ഞടിച്ചപ്പോള്‍ കരീബിയന്‍ പട തകര്‍ന്നടിഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് ചരിത്ര വിജയം. മല്‍സരം ഒരു ദിവസം ബാക്കിനില്‍ക്കെ ഒരു ഇന്നിംഗ്സിനും 92 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. വെസ്റ്റിന്‍ഡീസില്‍ ഇതാദ്യമായാണ് ഇന്നിംഗ്സ് വിജയം നേടുന്നതെന്ന ചരിത്രപരമായ നേട്ടവും ആന്റിഗ്വയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇരട്ടിമധുരമായി. ഫോളോ ഓണ്‍ ചെയ്‌തു ഒന്നിന് 21 എന്ന നിലയില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് 231 റണ്‍സിന് അവസാനിക്കുകയായിരുന്നു. നാലു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

സ്‌കോര്‍- ഇന്ത്യ എട്ടിന് 566, വെസ്റ്റിന്‍ഡ‍ീസ് - 243 & 231

വാലറ്റത്ത് വിന്‍ഡീസുകാര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചത്. ഒരവസരത്തില്‍ ഏഴിന് 144 എന്ന നിലയില്‍ തകര്‍ന്നുപോയ വെസ്റ്റിന്‍ഡീസ് സ്‌കോര്‍ 231ല്‍ എത്തിച്ചത് 51 റണ്‍സെടുത്ത കാര്‍ലോസ് ബ്രാത്ത്‌വെയ്‌റ്റും 45 റണ്‍സെടുത്ത ദേവേന്ദ്ര ബിഷൂവുമാണ് ചേര്‍ന്നാണ്. വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിലെ ടോപ് സ്‌കോററും ബ്രാത്ത്‌വെയ്‌റ്റാണ്. 50 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സും 31 റണ്‍സെടുത്ത രാജേന്ദ്ര ചന്ദ്രികയും മാത്രമാണ് മുന്‍നിരയില്‍ തിളങ്ങിയത്. 83 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത അശ്വിന്റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. നേരത്തെ സെ‌ഞ്ച്വറി നേടിയ അശ്വിന്‍ ബാറ്റു കൊണ്ടും നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

വിരാട് കൊഹ്‌ലിയുടെ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ എട്ടിന് 566 എന്ന തകര്‍പ്പന്‍ സ്‌കോര്‍ നേടിയത്. ഇന്ത്യയുടെ മികച്ച ബാറ്റിംഗാണ് ആന്റിഗ്വയില്‍ ഉജ്ജ്വല വിജയത്തിന് അടിത്തറയായതും. പരിശീലക പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ മല്‍സരത്തില്‍ വിദേശ വിജയവുമായി അരങ്ങേറാനായതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ.

പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ജൂലൈ 30ന് കിങ്‌സ്റ്റണില്‍ തുടങ്ങും.

Follow Us:
Download App:
  • android
  • ios