മെല്‍ബണ്‍: സമനിലയെന്ന് ഉറപ്പിച്ച മത്സരത്തില്‍ ഇങ്ങനെ തോല്‍വി വഴങ്ങാന്‍ പാക്കിസ്ഥാന് മാത്രമെ കഴിയൂ. ആദ്യ ഇന്നിംഗ്സില്‍ 443 റണ്‍സടിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സിനും 18 റണ്‍സിനും തോറ്റു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 2-0ന്റെ അപരാജിത ലീഡ് നേടി. സ്കോര്‍ പാക്കിസ്ഥാന്‍ 443/9, 163, ഓസ്ട്രേലിയ 624/8.

കേവലം 22 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി 465/6 എന്ന സ്കോറില്‍ അഞ്ചാം ദിനം ക്രീസിലെത്തുമ്പോള്‍ ഓസ്ട്രേലിയക്കുപോലും ജയപ്രതീക്ഷയുണ്ടായിരുന്നില്ല. 191 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ലഞ്ചിന് തൊട്ടുമുമ്പ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയ പാക്കിസ്ഥാനെ ബാറ്റിംഗനയച്ചു. ലഞ്ചിന് മുമ്പ് ഒരു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാന് ലഞ്ചിനുശേഷം കൂട്ടത്തകര്‍ച്ചയിലായി. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയോണുമാണ് പാക് ബാറ്റിംഗിന്റെ അടിവേരിളക്കിയത്.15.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്തതിയത്. 14 ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഹേസല്‍വുഡ് രണ്ടും ബേഡ് ഒന്നും വിക്കറ്റ് വീഴ്ത്തി.

പാകിസ്താനായി അസ്ഹര്‍ അലിയും സര്‍ഫറാസ് അഹമ്മദും 43 റണ്‍സെടുത്ത് പിടിച്ചു നിന്നു. എന്നാല്‍ മറ്റാര്‍ക്കും ഓസീസ് ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മത്സരം സമനിലയിലേക്കെന്ന് തോന്നിച്ച ഘട്ടത്തില്‍ വാലറ്റം പൊടുന്നനെ തകര്‍ന്നത് പാകിസ്താന് തിരിച്ചടിയായി. യൂനിസ് ഖാന്‍ (24) ആസാദ് ഷെഫീഫ്(16), സമി അസ്ലം (2), ബാബര്‍ അസം (3), മിസ്ബാഹുല്‍ ഹഖ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ അസ്ഹര്‍ അലി തന്നെയായിരുന്നു രണ്ടാം ഇന്നിംഗ്സിലും പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ആദ്യ ഇന്നിംഗ്സില്‍ ഒറു താരം ഡബിള്‍ സെഞ്ചുറി നേടിയിട്ടും ടീം തോല്‍ക്കുന്നത് ഇതാദ്യമാണ്.