സിഡ്നി: പാക്കിസ്ഥാനെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‍ട്രേലിയക്ക് കൂറ്റന്‍ ജയം. പാക്കിസ്ഥാനെ 220 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. അഞ്ചാം ദിനം സര്‍ഫ്രാസ് അഹമ്മദിന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ സമനിലക്കായി പൊരുതിയെങ്കിലും ഉച്ച ഭക്ഷണത്തിന് ശേഷം അവശേഷിച്ച അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ആധികാരിക ജയം ഓസിസ് സ്വന്തമാക്കുകയായിരുന്നു. സ്കോര്‍ ഓസ്ട്രേലിയ 538/8d, 241/2. പാക്കിസ്ഥാന്‍ 315 &244

ഓസീസിനായി ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് നേടി. പാക്ക് നിരയില്‍ 72 റണ്‍സ് നേടി സര്‍ഫ്രാസ് അഹമ്മദ് പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ്(38), ഷര്‍ജീല്‍ ഖാന്‍(40), ആസാദ് ഷഫീഖ്(30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറിയും നേടിയ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്. സിഡ്നി ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്‍ട്രേലിയ 3-0ന് തൂത്ത് വാരി. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് ആണ് പരമ്പരയിലെ താരം. ജയത്തോടെ ഓസീസ് ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.