പൂന: ഹോം സീസണില്‍ ആദ്യമായി സ്‌പിന്‍ പിച്ചൊരുക്കിയതാണ് പൂനയില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ടത് തോല്‍വി വേഗത്തിലാക്കി. ഓസ്‍ട്രേലിയക്കെതിരായ പരമ്പരയെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഇംഗ്ലണ്ട് ആയിരുന്നു കടുത്ത എതിരാളികളെന്നാണ് വിരാട് കൊഹ്‌ലി പ്രതികരിച്ചത്.

ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ ഓസീസ് ടീമെന്ന വിശേഷണം ശരിയെന്ന് വിശ്വസിച്ച കൊഹ്‌ലിപ്പട സ്മിത്തിന്റെ തയ്യാറെടുപ്പുകളെ വിലകുറച്ചു കണ്ടു. അശ്വിന്റെ ബൗളിംഗ് ശൈലി ദുബായിലെ ക്യാംപില്‍ വച്ച് പഠിച്ചതായി നഥാന്‍ ലിയോണ്‍ അവകാശപ്പെട്ടപ്പോഴും ഇന്ത്യ അപകടം തിരിച്ചറിഞ്ഞില്ല. ആദ്യ മണിക്കൂര്‍ മുതല്‍ പന്ത് കുത്തിതിരിഞ്ഞപ്പോള്‍ ശരാശരി നിലവാരം മാത്രം ഉള്ള ഓസീസ് സ്‌പിന്നര്‍മാരെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ പേടിച്ചു.

ടോസ് സ്മിത്തിന് അനുകൂലമായതും ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നതും കൊഹ്‌ലിയെ തളര്‍ത്തി. വാലറ്റത്ത് അടിച്ചുതകര്‍ക്കാന്‍ സ്റ്റാര്‍ക്കിനെ അനുവദിച്ചതിനും കനത്ത വില നല്‍കേണ്ടിവന്നു. അര്‍ധസെഞ്ച്വറി തികച്ച പിന്നാലെ അനാവശ്യ ഷോട്ടിലൂടെ പുറത്തായി ഇന്ത്യന്‍ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കിയ കെ എല്‍ രാഹുലിന് ഈ തോല്‍വിയില്‍ ഉത്തരവാദിത്തം ഏറെയാണ്.

എങ്കിലും ഏത് ടീമിനും ഒരു മോശം മത്സരം ഉണ്ടാകുമെന്ന അനില്‍ കുംബ്ലെയുടെ വാക്കുകള്‍ തത്ക്കാലം വിശ്വസിക്കാം. മഹാരഥന്മാര്‍ ഏറെയുണ്ടായിരുന്ന സ്റ്റീവ് വോയുടെ ഓസീസ് ടീമിനെ 2001ല്‍ ഗാംഗുലിയുടെ ഇന്ത്യ തറപറ്റിച്ചതും ആദ്യ ടെസ്റ്റ് മൂന്നാം ദിനം തോറ്റതിന് ശേഷമാണ്. കളിക്കളത്തിലെ ശൗര്യത്തില്‍ ഗാംഗുലിയെ മാതൃകയാക്കുന്ന കൊഹ്‌ലിയെ ഒരു തോല്‍വി കൊണ്ട് എഴുതി തള്ളേണ്ടതില്ല. തന്റെ രണ്ടാം വീടെന്ന് കൊഹ്‌ലി വിശ്വസിക്കുന്ന ബംഗലുരുവിലാണ് അടുത്തടെസ്റ്റെ് എന്നതും ഇന്ത്യന്‍ നായകന് പ്രതീക്ഷ നല്‍കുന്നുണ്ടാകും .