ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യന്‍ വാലറ്റത്തിന് ഉപദേശവുമായി നായകന്‍ വിരാട് കോലി. ഒരു ഇംഗ്ലീഷ് താരത്തെ കണ്ടുപഠിക്കണമെന്നാണ് കോലി ഇന്ത്യന്‍ താരങ്ങളോട് പറയുന്നത്...

മുംബൈ: ടെസ്റ്റിലെ ഒന്നാം നമ്പര്‍ ടീമാണ് ഇന്ത്യ. എന്നാല്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യയ്ക്ക് പരമ്പര കിട്ടിയില്ല. വീണ്ടുമൊരു വിദേശ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പറക്കുമ്പോള്‍ അതുകൊണ്ടുതന്നെ ആരാധകര്‍ ആകാംക്ഷയിലാണ്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ 2003- 04 പര്യടനത്തില്‍ 1-1ന് സമനില നേടിയതാണ് കങ്കുരുക്കളുടെ നാട്ടില്‍ ഇന്ത്യയുടെ മികച്ച ടെസ്റ്റ് വിജയം. ആ ചരിത്രം തിരുത്താണ് കോലിപ്പട ഇറങ്ങുക.

എന്നാല്‍ പരമ്പരയ്ക്ക് പുറപ്പെടും മുന്‍പ് ഇന്ത്യന്‍ ടീമിന് ഒരു നിര്‍ദേശം നല്‍കുകയാണ് നായകന്‍ കോലി. ഇന്ത്യയുടെ വാലറ്റം പ്രതീക്ഷക്കൊത്തുയരണമെന്ന് കോലി പറയുന്നു. ഇന്ത്യയുടെ പര്യടനത്തില്‍ ഇംഗ്ലണ്ടിനെ പല മത്സരങ്ങളിലും രക്ഷിച്ചത് വാലറ്റത്ത് ഇംഗ്ലീഷ് യുവ ഓള്‍റൗണ്ടര്‍ സാം കുരാന്‍റെ ചെറുത്തുനില്‍പായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ കരകയറ്റിയതും 64 റണ്‍സെടുത്ത കുരാന്‍റെ ഇന്നിംഗ്സാണ്.

എതിര്‍ താരങ്ങള്‍ മികച്ച സ്‌പെല്ലുമായി തുടങ്ങിയാല്‍ മുന്‍നിരയ്ക്ക് ബാറ്റിംഗ് ശ്രമകരമാകും. മധ്യനിരയ്ക്ക് കുറച്ചുകൂടി ബാറ്റിംഗ് എളുപ്പമാകും. എന്നാല്‍ ഇംഗ്ലണ്ടില്‍ കണ്ടതുപോലെ വാലറ്റത്തിന്‍റെ പ്രകടനം നിര്‍ണായകമാകം. ഇംഗ്ലണ്ടിന്‍റെ വാലറ്റം ഇന്ത്യയുടേക്കാള്‍ മികച്ചതായിരുന്നു. ഇതാണ് പരമ്പരയില്‍ വഴിത്തിരിവായത്. അതിനാല്‍ വാലറ്റം ഭയമില്ലാതെ ബാറ്റ് ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.