ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച . മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലാണ്.

മെല്‍ബണ്‍: ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച . മഴമൂലം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലാണ്. മുന്‍നിര തകര്‍ന്നടിഞ്ഞിട്ടും വാലറ്റത്ത് ബെന്‍ മക്ഡര്‍മോര്‍ട്ടിന്റെയും(30 പന്തില്‍ 32 നോട്ടൗട്ട്), നേഥന്‍ കോള്‍ട്ടര്‍നൈലിന്റെയും(9 പന്തില്‍ 18), ആന്‍ഡ്ര്യു ടൈയുടെയും(13 പന്തില്‍ 12 നോട്ടൗട്ട്) ചെറുത്തു നില്‍പ്പാണ് ഓസീസിനെ 100 കടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസ് സ്കോര്‍ ബോര്‍ഡിലേക്ക് എക്സ്ട്രാ ഇനത്തില്‍ 16 റണ്‍സ് സംഭാവന ചെയ്തു.

ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ(0) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കം നല്‍കിയത്. എന്നാല്‍ ഭുവനേശ്വറിന്റെ രണ്ടാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തും അതേ ഓവറില്‍ ക്രിസ് ലിന്നിനെ ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ ജസ്പ്രീത് ബൂമ്രയും കൈവിട്ടതോടെ തുടക്കത്തിലേ ലഭിച്ച മുന്‍തൂക്കം ഇന്ത്യ കൈവിടുമെന്ന് തോന്നിച്ചു.

എന്നാല്‍ ഭുവനേശ്വറിനൊപ്പം ഓപ്പണിംഗ് സ്പെല്‍ എറിഞ്ഞ ഖലീല്‍ അഹമ്മദ് തന്റെ രണ്ടാം ഓവറില്‍ അപകടകാരിയായ ക്രിസ് ലിന്നിനെ(13) മടക്കി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തന്റെ മൂന്നാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിനെ ബൗള്‍ഡാക്കിയ(14)തോടെ കൈവിട്ട ക്യാച്ചുകള്‍ക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നില്ല. മാക്സ്‌വെല്ലിനെ(19) ക്രുനാല്‍ പാണ്ഡ്യ ബൗള്‍ഡാക്കിയപ്പോള്‍ സ്റ്റോയിനസിനെ(4) ബൂമ്ര കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു.

പതിനാലാം ഓവറില്‍ 74/6ലേക്ക് വീണ ഓസീസിനെ മക്ഡര്‍മോര്‍ട്ടും കോള്‍ട്ടര്‍നൈലും ചേര്‍ന്നാണ് 100 കടത്തിയത്. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എക്സ്ട്രാ ഇനത്തില്‍ വഴങ്ങിയ റണ്ണുകള്‍ കളിയില്‍ നിര്‍ണായകമാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യക്കായി ഭൂവനേശ്വര്‍കുമാര്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് 39 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ബൂമ്രയും കുല്‍ദീപും ക്രുനാല്‍ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.