Asianet News MalayalamAsianet News Malayalam

അവസാന പന്ത് വരെ ആവേശം; ഒടുവില്‍ ഇന്ത്യ മുട്ടുമടക്കി; ജയം ഓസീസിന്

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി സന്ദര്‍ശകര്‍. വിശാഖപട്ടണത്ത് അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 20ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

Australia won in thrilling way in first t20 vs India
Author
Visakhapatnam, First Published Feb 24, 2019, 10:30 PM IST

വിശാഖപട്ടണം: ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി സന്ദര്‍ശകര്‍. വിശാഖപട്ടണത്ത് അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 20ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

അവസാന ഓവറില്‍ 14 റണ്‍സാണ് ഓസീസിന് വേണ്ടിയിരുന്നത്. പന്തെറിയുന്നത് ഉമേഷ് യാദവ്. ആദ്യ പന്തില്‍ ഒരു റണ്‍. രണ്ടാം പന്ത് റിച്ചാര്‍ഡ്‌സണ്‍ ബൗണ്ടറി നേടി. മൂന്നാം പന്തില്‍ രണ്ട് റണ്‍സും നാലാം പന്തില്‍ ഒരു റണ്ണും കൂട്ടിച്ചേര്‍ത്തു. അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് ആറ് റണ്‍. അഞ്ചാം പന്തില്‍ പാറ്റ് കമ്മിന്‍സ് ബൗണ്ടറി നേടി. അവസാന പന്താവട്ടെ ലോങ് ഓണിലേക്ക് തട്ടിയിട്ട് രണ്ട് റണ്‍ ഓടിയെടുക്കുകയും ചെയ്തു. വിജയം ഓസീസിനൊപ്പം.

ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ഡാര്‍സി ഷോര്‍ട്ട് (37), ഗ്ലെന്‍ മാക്‌സ്‌വെല്‍ (56) കാര്യങ്ങള്‍ ഓസീസിന് അനുകൂലമാക്കി. ഇരുവരും 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാക്‌സ്‌വെല്ലിനെ യൂസ്‌വേന്ദ്ര ചാഹല്‍ മടക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. ഷോര്‍ട്ടാവട്ടെ റണ്ണൗട്ടാവുകയും ചെയ്തു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (13), ആഷ്ടണ്‍ ടര്‍ണര്‍ (0), നഥാന്‍ കൗള്‍ട്ടര്‍നൈല്‍ (4) എന്നിവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്ത് നില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ ഓസീസ് തോല്‍ക്കുമെന്ന തോന്നലുണ്ടായി. നേരത്തെ, സ്‌റ്റോയ്‌നിസിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഒരു സിംഗിളിനുള്ള ശ്രമത്തിനിടെ സ്‌റ്റോയ്‌നിസ് റണ്ണൗട്ടാവുകയായിരുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചും മടങ്ങി. ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഫിഞ്ച്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് കെ.എല്‍ രാഹുലിന്റെ (50) അര്‍ധ സെഞ്ചുറിയാണ് തുണയായത്. എം.എസ് ധോണി 29 റണ്‍സുമായി പുറത്താവാതെ നിന്നു. വിരോട് കോലി 24 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ നഥാന്‍ കൗള്‍ട്ടര്‍ നൈലാണ് ഇന്ത്യയെ തകര്‍ത്തത്. നന്നായി തുടങ്ങിയ ഇന്ത്യക്ക് വിനയായത് മധ്യനിര താരങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ്. രാഹുല്‍, കോലി എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മ (5), ഋഷഭ് പന്ത് (3), ദിനേശ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1), ഉമേഷ് യാദവ് (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയെ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ രോഹിത് പുറത്താവുകയായിരുന്നു. ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. എന്നാല്‍ രാഹുല്‍- കോലി സഖ്യം അധികം നഷ്ടങ്ങളില്ലാതെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ഇരുവരും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കോലിയെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. സാംപയെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ കോലി ലോങ് ഓണില്‍ കൗള്‍ട്ടര്‍ നൈലിന്റെ കൈയില്‍ ഒതുങ്ങി. പിന്നീടെത്തിയ പന്ത് ബെഹ്രന്‍ഡോര്‍ഫിന്റെ ഗംഭീര ഫീല്‍ഡിങ്ങില്‍ റണ്ണൗട്ടാവുകയായിരുന്നു. കൗള്‍ട്ടര്‍ നൈലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ കാര്‍ത്തികും പവലിയനില്‍ തിരിച്ചെത്തി. കാര്‍ത്തികിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. കൗള്‍ട്ടര്‍ നൈലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ക്രുനാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് നല്‍കി മടങ്ങി.  കൗള്‍ട്ടര്‍ നൈലിന് പുറമെ ബെഹ്രന്‍ഡോര്‍ഫ്, ആഡം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios