റണ്‍വേട്ടക്കിടയില്‍‍ കോലിയുടെ റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ താരം ബാബാര്‍ അസം. ടി20യില്‍ വേഗതയില്‍ ആയിരം റണ്‍സ് നേടിയ താരമെന്ന നേട്ടം അസം സ്വന്തമാക്കി...

ദുബായ്: ടി20യില്‍ വേഗത്തില്‍ 1,000 റണ്‍സ് തികച്ച താരമെന്ന നേട്ടം പാക്കിസ്ഥാന്‍ ബാറ്റ്സ്‌മാന്‍ ബാബര്‍ അസമിന്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡാണ് അസം മറികടന്നത്. കോലി 27 ഇന്നിംഗ്സില്‍ നിന്ന് ആയിരം റണ്‍സിലെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ താരത്തിന് 26 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളൂ. ന്യൂസീലാന്‍ഡിനെതിരായ മൂന്നാം ടി20യിലാണ് അസം ചരിത്രം കുറിച്ചത്. 

പാക്കിസ്ഥാനായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത താരം 58 പന്തില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 79 റണ്‍സെടുത്തു. വ്യക്തിഗത സ്‌കോര്‍ 48ല്‍ നില്‍ക്കുമ്പോഴാണ് അസം ആയിരം പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ പാക്കിസ്ഥാന്‍ 47 റണ്‍സിന് വിജയിച്ചപ്പോള്‍ അസമായിരുന്നു മാന്‍ ഓഫ് ദ് മാച്ച്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 166 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ന്യൂസീലാന്‍ഡിന്‍റെ ഇന്നിംഗ്സ് 16.5 ഓവറില്‍ 119ല്‍ അവസാനിച്ചു.