നാഗ്‌പൂര്‍: ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനായ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച് എസ് പ്രണോയ് ദേശീയ ബാഡ്മിന്റൻ ചാംപ്യൻഷിപ്പില്‍ പുരുഷ വിഭാഗം ചാംപ്യനായി. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു പ്രണോയ് ശ്രീകാന്തിനെ അട്ടിമറിച്ചത്. സ്കോര്‍ 21-15, 16-21, 21-7. ദേശീയ ചാംപ്യന്‍ഷിപ്പില്‍ പ്രണോയിയുടെ ആദ്യ കിരീടമാണിത്.
ആദ്യ ഗെയിമില്‍ 3-0ന് ലീഡെടുത്ത ശ്രീകാന്തിനെ പ്രണോയ് 7-7ന് ഒപ്പം പിടിച്ചു. ആദ്യ ബ്രേക്ക് സമയത്ത് ശ്രീകാന്ത് 11-10ന് മുന്നിട്ടു നിന്നു. എന്നാല്‍ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ പ്രണോയ് കൂടുതല്‍ കരുത്തുറ്റ സ്മാഷുകളുമായി കളം നിറഞ്ഞപ്പോള്‍ ഈ വര്‍ഷം നാലു സൂപ്പര്‍ സീരീസ് കിരിടം നേടി ചരിത്രം കുറിച്ച ശ്രീകാന്തിന് അടിതെറ്റി. 21-15ന് ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ ശ്രീകാന്ത് ശക്തമായി തിരിച്ചടിച്ചു.13-13 വരെ ഒപ്പത്തിനൊപ്പം നിന്നെങ്കിലും 16-21ന് ഗെയിം സ്വന്തമാക്കി ശ്രീകാന്ത് മത്സരം അവസാന ഗെയിമിലേക്ക് നീട്ടി.
എന്നാല്‍ മൂന്നാം ഗെയിമില്‍ ശ്രീകാന്തിന് തിരിച്ചുവരവിന് അവസരം നല്‍കാത്ത പോരാട്ടമാണ് പ്രണോയ് കാഴ്ചവെച്ചത്. നിര്‍ണായക ഗെയിമില്‍ 5-1ന്റെ ലീഡെടുത്ത പ്രണോയ് പിന്നീട് ഒരിക്കലും പിന്നോട്ട് പോയില്ല. ഒരുഘട്ടത്തില്‍ 9-1നും 11-3നും ലീഡെടുത്ത പ്രണോയ് പോരാട്ടം കനപ്പിച്ചതോടെ 21-7ന് ഗെയിമും കിരീടവും സ്വന്തമാക്കി.
ഈ വർഷം ലോകവേദിയിൽ മലേഷ്യയുടെ മുൻ ലോക ഒന്നാം നമ്പർ താരം ലീ ചോങ്‍ വേയെയും ചൈനീസ് സൂപ്പർതാരം ചെൻ ലോങ്ങിനെയും അട്ടിമറിച്ചു ശ്രദ്ധ നേടിയ പ്രണോയ് ലോക രണ്ടാം റാങ്കുകാരനായ ശ്രീകാന്തിനെയും വീഴ്‌ത്തി കേരളത്തിന്റെ അഭിമാനമായി. ഈ വര്‍ഷം യുഎസ് ഓപ്പൺ സൂപ്പർ സീരീസ് ചാംപ്യനായ പ്രണോയി കഴിഞ്ഞമാസം നടന്ന ഫ്രഞ്ച് ഓപ്പണിലും ജൂണിൽ നടന്ന ഇന്തൊനീഷ്യൻ ഓപ്പണിലും സെമിഫൈനലിലെത്തിയിരുന്നു. ലോകവേദിയിൽ ഇരുവരും തമ്മിൽ മുമ്പ് നാലുതവണ ഏറ്റുമുട്ടിയിരുന്നു. 2011ലെ ടാറ്റ ഓപ്പൺ ബാഡ്മിന്റനിൽ പ്രണോയ് ജയിച്ചപ്പോൾ തുടർന്നുള്ള മൂന്നു മൽസരങ്ങളും ശ്രീകാന്ത് നേടി. ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ പ്രണോയിയെ തോൽപിച്ചതും ശ്രീകാന്തായിരുന്നു.
