പന്ത് ചുരണ്ടല്‍; വിലക്ക് കുറയ്‌ക്കണമെന്ന് ഓസ്‌‌ട്രേലിയന്‍ താരങ്ങളുടെ സംഘടന

First Published 3, Apr 2018, 4:51 PM IST
ball tampering steve smith david warner bans to be reduced
Highlights
  • അച്ചടക്ക നടപടിയുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായക‍ന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ ബന്‍ക്രോഫ്റ്റ് എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നു. സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസം വിലക്കും ബന്‍ക്രോഫ്റ്റിന് ഒമ്പത് മാസം വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്‌ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവം അരങ്ങേറിയത്.

സംഭവം ശ്രദ്ധയില്‍പെട്ടതോടെ സ്മിത്തിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കുക മാത്രമാണ് ഐസിസി ചെയ്തത്. മറ്റ് രണ്ട് പേര്‍ക്കുമെതിരെ നടപടികളൊന്നും ഐസിസി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ആരോപണത്തെ തുടര്‍ന്ന് സ്മിത്തും വാര്‍ണറും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. അതേസമയം രാജ്യത്തിന് നാണക്കേടുണ്ടായ സംഭവത്തില്‍ താരങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തുകയായിരുന്നു. 

എന്നാല്‍ പരിശീലകന്‍ ലീമാനെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ നടപടിയെടുത്തിരുന്നില്ല. താരങ്ങള്‍ക്കെതിരായ കര്‍ശന അച്ചടക്കനടപടിയില്‍ സമ്മിശ്ര പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടായത്. വിലക്ക് അതിരുകടന്നു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കേ അച്ചടക്ക നടപടിയുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്‍(എസിഎ)‍. 

താരങ്ങള്‍ക്കെതിരായ നടപടി അനുചിതമല്ലെന്നും വിലക്ക് കുറയ്ക്കണമെന്നും എസിഎ പ്രസിഡന്‍റ് ഗ്രെഗ് ഡയര്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കുന്നതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തിടുക്കം കാട്ടി. സംഭവത്തില്‍ മൂവരും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തെറ്റ് ഏറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നു. സ്‌മിത്തിനൊപ്പം രാജ്യം കരഞ്ഞിരിക്കും എന്നാണ് കരുതുന്നതെന്നും ഗ്രെഗ് ഡയര്‍ പറഞ്ഞു. നേരത്തെ വിലക്ക് സ്വാഗതം ചെയ്ത് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
 

loader